Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 12:54 IST
Share News :
മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടിയിൽ കനത്ത മഴയെ തുടർന്ന് തുരങ്കപാത നിർമാണമേഖലയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
അപകടത്തിൽ പരിക്കേറ്റ ആറുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
പാലത്തിനുസമീപമുള്ള കുന്നിൻഭാഗം വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിച്ചിരിക്കുകയാണ്. വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്ന ആശങ്കയുണ്ട്. നിർമാണസ്ഥലത്ത് ജോലി ചെയ്തിരുന്ന ഒരാളെ മണ്ണിനടിയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയതായും വിവരം ലഭിച്ചു.
സംഭവത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സംവിധാനത്തിന്റെ റാപിഡ് റെസ്പോൺസ് ടീം (RRT) സ്ഥലത്തേക്ക് അടിയന്തരമായി നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് അപകടസാധ്യത നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ജാഗ്രതയോടെയാണ് നടക്കുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപമുള്ള പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പാലത്തിനപ്പുറമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. മേപ്പാടി, വെള്ളാറമല മേഖലകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും യാത്രയിൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
സംഭവത്തിൽ കൂടുതൽ ആളുകൾ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതർ വിശദീകരണം നൽകും.
Follow us on :
Tags:
More in Related News
Please select your location.