Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 11:31 IST
Share News :
കോഴിക്കോട്: സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലും സ്ട്രീറ്റ് വെൻഡേഴ്‌സ് ആക്ടിന് വിരുദ്ധമായും കേരളത്തിലെ വിവിധ നഗരങ്ങളിലും തെരുവുകളിലും അനധികൃത കച്ചവടം വർധിച്ചുവരുന്നതായി വ്യാപാരി സംഘടന. നിയമാനുസൃതമായി ലൈസൻസുകളും കടവാടകയും ജിഎസ്ടിയും തൊഴിൽ നികുതിയും ഉൾപ്പെടെ വിവിധ നികുതികൾ സർക്കാരിലേക്ക് അടച്ച് വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികൾ ഇതുമൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തെരുവുകച്ചവടത്തിനായി പ്രത്യേകം കണ്ടെത്തിയ സ്ഥലങ്ങളിൽ നിയമപ്രകാരമുള്ള കച്ചവടം മാത്രമേ അനുവദിക്കാവൂവെന്നും അനധികൃത കച്ചവടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 6ന് രാവിലെ 10ന് കോഴിക്കോട് കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി. കെ. ബാപ്പുഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ധർണ ഉദ്ഘാടനം ചെയ്യും.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ അനധികൃത കച്ചവടം വർധിക്കുന്നതുമൂലം നിരവധി ചെറുകിട വ്യാപാരികൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും സംഘടന പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുന്ന സാഹചര്യത്തിൽ 2,000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് MDR ഏർപ്പെടുത്താനുള്ള നീക്കം വ്യാപാരികളെ മാത്രം ലക്ഷ്യമിടുന്നതും അശാസ്ത്രീയവുമാണെന്ന് സംഘടന ആരോപിച്ചു.
MDR നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഒക്ടോബർ 15ന് UPI പേയ്മെന്റ് ബഹിഷ്‌കരിക്കാനും, അന്നേദിവസം തിരുവനന്തപുരത്തെ ലോക്ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമര പരിപാടികൾക്ക് ദൃശ്യ-പത്ര മാധ്യമങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും സംഘടന അഭ്യർഥിച്ചു.
Follow us on :
More in Related News
Please select your location.