Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 17:45 IST
Share News :
മസ്ക്കറ്റ് : സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ശ്രീനാരായണ ദർശനങ്ങൾ ഏറ്റവും പ്രസക്തമാണെന്ന് രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണ പരിപാടിയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവംബർ 6 വെള്ളിയാഴ്ച മസ്ക്കറ്റിലെ വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ വച്ചാണ് കേരളവിഭാഗം വാർഷിക പരിപാടിയായ ഗുരുഅനുസ്മരണ പ്രഭാഷണം നടന്നത്.
വിവേകാനന്ദസ്വാമികൾ, ശ്രീനാരായണ ഗുരു തുടങ്ങിയവരെ ഒരു മതത്തിന്റെ കള്ളിയിലേക്ക് ചുരുക്കി, സങ്കുചിതമായ ഒരു രഷ്ട്രീയ ധാരയിലേക്ക് അവരെ സമന്വയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ചെറുക്കണമെന്ന് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ച നാരായണ ഗുരുവിനെ ഒരു ഹൈന്ദവ സന്ന്യാസിയാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്.
മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും അന്നവും വസ്ത്രവും തന്ന് സംരക്ഷിക്കുന്നതാരാണോ അവരാണ് ദൈവമെന്നും ഉദ്ഘോഷിച്ചയാളാണ് ഗുരു. ചാതുർവർണ്ണ്യത്തെപ്പറ്റി മഹാത്മജിയ്ക്കുണ്ടായിരുന്ന പല വികല ധാരണകളെയും തിരുത്താൻ ഗുരുവുമായുള്ള സംവാദം കാരണമായിട്ടുണ്ടെന്ന് ഗാന്ധിജി തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നതായും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ ക്യാമ്പസുകൾ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജാതിമത ചിന്തകൾ അവിടങ്ങളിൽ വേരാഴ്ത്തുകയാണ്. ഉത്തരേന്ത്യയിൽ മാത്രം കണ്ടിരുന്ന ആ സംസ്ക്കാരത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അവിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിഅടിമത്തം കേരളത്തിലേക്ക് കെട്ടിയിറക്കുന്നു. കേരളം ഇങ്ങനെ ആകരുത് എന്ന് ശഠിച്ച, നവോത്ഥാന നായകർ പകർന്നു തന്ന പ്രകാശം നമ്മളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. ഈ സാഹചര്യങ്ങൾ മനസിലാക്കി, ഇന്ത്യൻ സമൂഹത്തിന് പ്രതീക്ഷയായ കേരളമെന്ന മതനിരപേക്ഷതയുടെ കനൽ കെട്ടുപോകാതെ കാക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കാജനകമായ നിലയിൽ രാജ്യം സമഗ്രാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി തെരുവിലിറങ്ങിയ യുവതലമുറയുടെ സർഗാത്മക പ്രതിരോധങ്ങളെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്ററി രംഗത്തും ജനകീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, ലോകകേരളസഭാംഗം വിൽസൺ ജോർജ്ജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായ പരിപാടിയിൽ കോ-കൺവീനർ ജഗദീഷ് കീരി ആമുഖപ്രഭാഷണം നടത്തി. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദിയും പറഞ്ഞു.
കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുൻനിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ ഇടപെടലുകളെ, പ്രവാസി സമൂഹത്തിൽ ഗൗരവമുള്ള ചർച്ചക്കായി വഴി തുറന്നു കൊടുക്കുന്ന ഗുരു അനുസ്മരണ പ്രഭാഷണ പരിപാടി കഴിഞ്ഞ 25 വർഷങ്ങളായി കേരളവിഭാഗം സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ പറഞ്ഞു.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, കോടിയേരി ബാലകൃഷ്ണൻ, സക്കറിയ, രാജൻ ഗുരുക്കൾ, എം ആർ രാഘവവാര്യർ, കെ ടി ജലീൽ, സന്ദീപാനന്ദഗിരി, പ്രൊഫ കാർത്തികേയൻ നായർ, സുനിൽ പി ഇളയിടം, ഷൗക്കത്ത് തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളിൽ ഗുരു പ്രഭാഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു.
വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ ഉണ്ടായതെന്നും മസ്കറ്റിലെയും മസ്കറ്റിൽ നിന്നും അനേകം കിലോമീറ്ററുകൾ അകലെ ഇബ്രി, സൂർ, സോഹാർ, നിസ്വ, ഇബ്ര തുടങ്ങിയ മേഖലകളിൽ നിന്നും പൊതു സമൂഹമൊന്നാകെ പരിപാടിയിലേക്ക് എത്തിച്ചേർന്നതായും സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.