Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പതാക ഉയർന്നു; സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയത്ത് തുടക്കമായി

06 Nov 2026 21:18 IST

CN Remya

Share News :

കോട്ടയം: അംഗത്വത്തിലും സംഘബലത്തിലും കേരളത്തിലെ തൊഴിലാളികളുടെ ഒന്നാമത്തെ സംഘടനയായ സിഐടിയുവിന്റെ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ അക്ഷരനഗരിയിൽ ചെമ്പതാക ഉയർന്നു. സംഘാടകസമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. തൊഴിലാളിപ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ മുന്നിൽനിന്ന്‌ നയിച്ച പ്രമുഖ നേതാക്കളുടെ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നാണ്‌ പതാക– കൊടിമര– കപ്പി– കയർ ജാഥകൾ വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെട്ടത്‌. ചെണ്ടമേളവും മുദ്രാവാക്യം വിളികളും മുഴങ്ങിയ ആവേശകരമായ അന്തരീക്ഷത്തിൽ കോട്ടയം കലക്ടറേറ്റ്‌ പരിസരത്ത്‌ സംഗമിച്ച ജാഥകൾ വൈകിട്ട്‌ അഞ്ചോടെ തിരുനക്കര മൈതാനത്തെത്തി. തുടർന്നായിരുന്നു പതാക ഉയർത്തൽ. 

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിലേക്കുള്ള പതാക, കൊടിമര, കപ്പി കയർ ജാഥകൾ നഗരത്തിൽ ആവേശോജ്വലമായി സംഗമിച്ചു. ഒന്നാം പതാകജാഥ ചങ്ങനാശേരി തെങ്ങണയിൽ എ വി റസൽ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു. രണ്ടാം പതാകജാഥ നട്ടാശേരിയിൽ കെ പി സുഗുണൻ സ്‌മൃതിമണ്ഡപത്തിൽ ആരംഭിച്ചു. ഒന്നാം കൊടിമര ജാഥ നെടുംകുന്നം വി ആർ ഭാസ്‌കരൻ സ്‌മൃതിമണ്ഡപത്തിൽ ആരംഭിച്ചു. രണ്ടാം കൊടിമര ജാഥ പാമ്പാടി വെള്ളൂരിൽ കെ എം എബ്രഹാം സ്‌മൃതിമണ്ഡപത്തിൽ ആരംഭിച്ചു. ഒന്നാം കപ്പി– കയർ ജാഥ തിരുവാർപ്പ് കാഞ്ഞിരത്ത് വി ആർ രാമൻകുട്ടി സ്‌മൃതിമണ്ഡപത്തിൽ ആരംഭിച്ചു. രണ്ടാമത്തെ കപ്പി–കയർ ജാഥ മുണ്ടക്കയം എം ജി രാമചന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ചു. ആറ്‌ ജാഥകളും ചെങ്കടലിരമ്പം തീർത്ത്‌ കലക്ടറേറ്റിനു സമീപം സംഗമിച്ചു. ചെണ്ടമേളവും ബൈക്ക്‌ റാലിയുമായി, നഗരത്തെ ഉത്സവഛായയിലാക്കി ജാഥകൾ ഒരുമിച്ച്‌ തിരുനക്കര മൈതാനത്ത്‌ എത്തിച്ചേർന്നു. പതാകകൾ വി എൻ വാസവൻ, ടി ആർ രഘുനാഥൻ എന്നിവർ ഏറ്റുവാങ്ങി. കൊടിമരങ്ങൾ കെ ജെ തോമസ്‌, കെ എം രാധാകൃഷ്‌ണൻ എന്നിവരും കപ്പി– കയർ കെ എൻ വേണുഗോപാൽ, ഷീജ അനിൽ എന്നിവരും ഏറ്റുവാങ്ങി. തിരുനക്കര മൈതാനത്ത്‌ സംഘാടക സമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. തുടർന്ന്‌ മുതിർന്ന സിഐടിയു നേതാക്കളെ ആദരിച്ചു.

പ്രതിനിധി സമ്മേളനം നടക്കുന്ന ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ ശനിയാഴ്ച രാവിലെ 7.30ന്‌ നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9.15ന്‌ ദീപശിഖ സമ്മേളന നഗറിൽ സ്ഥാപിക്കും. 9.30ന്‌ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി) എന്നിവർ സംസാരിക്കും. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ സുദീപ്‌ ദത്ത, സെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുക്കും. 

ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. 1149 യൂണിയനുകളെ പ്രതിനിധീകരിച്ച്‌ 625 പ്രതിനിധികൾ പങ്കെടുക്കും. എട്ടിനും ഒമ്പതിനും പ്രതിനിധി സമ്മേളനം തുടരും. ഒമ്പതിന്‌ വൈകിട്ട്‌ നാലിന്‌ ലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന റാലി. പൊതുസമ്മേളനം വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നെഹ്‌റു സ്‌റ്റേഡിയം) പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

Follow us on :

More in Related News