Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൽ പ്രത്യേക വികസന പാക്കേജും ഗോത്രവർഗ്ഗക്കാർക്ക് ഭവന നിർമ്മാണ പദ്ധതിയും നടപ്പിലാക്കും: മന്ത്രി കെ.എ തുളസി

03 Aug 2026 15:11 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് അനുവദിച്ച് നടപ്പിലാക്കുമെന്നും, ഭവന നിർമ്മാണത്തിനായി സ്വന്തമായി സ്ഥലം ഇല്ലാത്ത ഗോത്രവർഗ്ഗ വിഭാഗക്കാർക്ക് സ്ഥലവും വീടും നൽകുന്ന പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'വികാസ് വിഷൻ 2040' സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഗോത്രവർഗ്ഗ വിഭാഗം അവശ്യ രേഖാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.


 നിലമ്പൂർ മേഖലയെ അറിയാതെ പോലും വികസന പദ്ധതികളിൽ നിന്ന് വിട്ടു പോകില്ലെന്നും പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങാതെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ഗോത്ര മേഖലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്, വിദ്യാർഥികൾക്ക് പഠന മുറികൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കും. നിലമ്പൂരിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുമെന്നും വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാലാനുസൃത കോഴ്സുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 


ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ മുന്നേറ്റത്തിനായി വിപുലമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശത്ത് പഠിക്കാൻ താല്പര്യമുള്ള എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കായി 'ഉന്നതി സ്കോളർഷിപ്പ്' പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കുമെന്നും ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഗോത്രവർഗ്ഗ ജനവിഭാഗങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ചികിത്സാ സഹായത്തിനായി പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും നിലവിൽ ഫണ്ട് ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ധനകാര്യ വർഷത്തിന്റെ അവസാനത്തിൽ മാത്രം ഫണ്ട് ചിലവഴിക്കാനുള്ള പ്രവണത ഒഴിവാക്കി യഥാർത്ഥ ആവശ്യക്കാർക്ക് കൃത്യസമയത്ത് സഹായമെത്തിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.


പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന എല്ലാ സേവനങ്ങളും നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിനായി പുതിയ പോർട്ടൽ ആരംഭിക്കും. ഇതിലൂടെ ഒൻപതോളം പ്രധാനപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.


നിലമ്പൂർ എം.എൽ.എ. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് ക്യാംപിനായുള്ള ഒരുക്കങ്ങൾ നടന്നത്. പി.വി.അബ്ദുൽ വഹാബ് എം.പി., നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി. സി. മാമ്പ്ര, കാളികാവ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ വി.പി, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എ കരീം, അഡ്വ. ജോസ്മി തോമസ്, റൈഹാനത്ത് കുറുമാടന്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സുരേഷ്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫീഫ വി.പി, മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ടി.കെ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ജോസ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടന്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കണ്ടങ്ങാപ്പുറം, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ്, ഐ.എഫ്.ഡി.സി. ഫൗണ്ടേഷന്‍ എം.ഡി എബി തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News