Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 07:28 IST
Share News :
കോഴിക്കോട്: സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ചില ഫെയർനെസ് ക്രീമുകളിൽ അനുവദനീയമായതിലും 20,000 മടങ്ങ് വരെ മെർക്കുറി കണ്ടെത്തിയതോടെ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ആരോഗ്യവകുപ്പ് നടത്തിയ 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനയിലാണ് ഞെട്ടിക്കുന്ന അളവിൽ ഹെവി മെറ്റലിന്റെ സാന്നിധ്യം കണ്ടെത്തിയത്.
സൗന്ദര്യവർധക ഉത്പന്നങ്ങളിൽ മെർക്കുറിയുടെ അനുവദനീയ അളവ് ഒരു പാർട്ട്സ് പെർ മില്യൺ (PPM) ആണ്. എന്നാൽ പരിശോധനയിൽ ചില ക്രീമുകളിൽ 20,000 PPM വരെ മെർക്കുറി കണ്ടെത്തി. ഇത് അനുവദനീയമായ അളവിന്റെ 20,000 മടങ്ങാണ്. ദീർഘകാലം ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഫേസ്ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന് ആരോപിച്ച് മലപ്പുറത്തെ 17കാരി നിയമപോരാട്ടത്തിന് ഒരുങ്ങിയതും വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. താൻ ഉപയോഗിച്ചിരുന്ന 'എഫ് ട്യൂൺ' ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയതായി പെൺകുട്ടി അറിയിച്ചു. ക്രീം ഉപയോഗിച്ചതാണ് രോഗത്തിന് കാരണമെന്ന മൊഴിയും നൽകിയിട്ടുണ്ട്. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കി.
ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും പെൺകുട്ടി അഭ്യർഥിച്ചു. സംഭവത്തിൽ ഉയരുന്ന വിമർശനങ്ങൾക്കിടയിലും മറ്റുള്ളവർക്ക് ഇതേ അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്നതെന്നും അവൾ പറഞ്ഞു.
'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പല ക്രീമുകൾക്കും കൃത്യമായ രേഖകളില്ലെന്നാണ് കണ്ടെത്തൽ. ഉത്പന്നം എവിടെ നിർമിച്ചതാണെന്നോ അതിൽ എന്തെല്ലാം ചേരുവകളുണ്ടെന്നോ വ്യക്തമാക്കുന്ന വിവരങ്ങൾ പലതിലും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന പ്രധാനമായും നടക്കുന്നത്.
സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കൊപ്പം മെർക്കുറി ഉൾപ്പെടെയുള്ള ഹെവി മെറ്റലുകളുടെ സാന്നിധ്യവും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത്തരം പരിശോധനകൾക്ക് കൂടുതൽ ചെലവും പ്രത്യേക ലബോറട്ടറി സൗകര്യങ്ങളും ആവശ്യമാണ്. സംസ്ഥാനത്ത് ഹെവി മെറ്റൽ പരിശോധന നടത്താൻ കഴിയുന്ന ലബോറട്ടറികൾ പരിമിതമാണെന്നതും വെല്ലുവിളിയാണ്.
കൃത്യമായ ലേബലിംഗ് ഇല്ലാത്തതും ചേരുവകൾ വ്യക്തമാക്കാത്തതും ഇറക്കുമതി രേഖകളില്ലാത്തതുമായ സൗന്ദര്യവർധക ഉത്പന്നങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. സംശയാസ്പദമായ ക്രീമുകളുടെ പട്ടിക നൽകാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വിൽപ്പന നിരീക്ഷിക്കാനും പരിശോധനകൾ ഇടയ്ക്കിടെ നടത്താനും നിർദേശമുണ്ട്.
സൗന്ദര്യവർധക ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നിർമാതാവിന്റെ വിവരങ്ങൾ, ചേരുവകൾ, ബാച്ച് നമ്പർ, കാലാവധി, ഇറക്കുമതി രേഖകൾ എന്നിവ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
Follow us on :
Tags:
Please select your location.