Tue Dec 12, 2023 10:56 PM 1ST

Sign In

സ്ത്രീകളിലെ അപസ്മാരത്തെക്കുറിച്ച് ബോധവൽക്കരണം; ക്യാമ്പയിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

20 Nov 2026 22:35 IST

NewsDelivery

Share News :

കോഴിക്കോട്: സ്ത്രീകളിൽ അപസ്മാര രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വളർത്തുന്നതിനായി ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്. ദേശീയ അപസ്മാര ദിനാചരണത്തിന്റെ ഭാഗമായി 'അപസ്മാരം അവളെ നിർവചിക്കുന്നില്ല' എന്ന പ്രമേയത്തിൽ പ്രൊവിഡൻസ് വിമൻസ് കോളേജിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ആസ്റ്റർ മിംസ് മുൻകൈയെടുത്തതിനെ അസിസ്റ്റന്റ് കളക്ടർ അഭിനന്ദിച്ചു.

അപസ്മാരം തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന താൽക്കാലിക വ്യതിയാനമാണെന്നും കൃത്യമായ മരുന്നുകളിലൂടെയും മാനസിക പിന്തുണയിലൂടെയും രോഗം നിയന്ത്രിക്കാനാകുമെന്നും ചടങ്ങിലെ മുഖ്യാതിഥിയായ ന്യൂറോ സൈക്കോളജിസ്റ്റും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്കോളറുമായ വൈഷ്ണവി ഭട്ട് പറഞ്ഞു. രോഗത്തിന്റെ പേരിൽ വിദ്യാഭ്യാസമോ തൊഴിലോ ജീവിതസ്വപ്നങ്ങളോ ഉപേക്ഷിക്കേണ്ടതില്ലെന്ന ആത്മവിശ്വാസം വളർത്തിയെടുക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും കാരണം അപസ്മാരബാധിതരായ സ്ത്രീകൾ മാനസികവും സാമൂഹികവുമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പ്രൊവിഡൻസ് കോളേജ് ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. പ്രിയദർശിനി പി പറഞ്ഞു. വിവാഹം, ഗർഭധാരണം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയ ജീവിതഘട്ടങ്ങളിൽ കൃത്യമായ ചികിത്സയും വിദഗ്ധ പരിചരണവും അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

കൃത്യസമയത്തുള്ള രോഗനിർണയവും ശാസ്ത്രീയ ചികിത്സയും ലഭിച്ചാൽ അപസ്മാരമുള്ള സ്ത്രീകൾക്കും സാധാരണ ജീവിതം നയിക്കാനും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും കഴിയുമെന്ന് ന്യൂറോളജിസ്റ്റും എപ്പിലെപ്റ്റോളജിസ്റ്റുമായ ഡോ. പൂർണിമ നാരായണൻ പറഞ്ഞു. അപസ്മാരം ഒരാളുടെ കഴിവിനെയോ വ്യക്തിത്വത്തെയോ നിർവചിക്കുന്നില്ലെന്നും രോഗാവസ്ഥയേക്കാൾ ഉപരിയായി സമൂഹത്തിന്റെ കാഴ്ചപ്പാടാണ് പലപ്പോഴും രോഗികളെ തളർത്തുന്നതെന്നും അവർ വ്യക്തമാക്കി.

ഗൈനക്കോളജിസ്റ്റ് ഡോ. ഗീത കെ., ന്യൂറോളജിസ്റ്റും എപ്പിലെപ്റ്റോളജിസ്റ്റുമായ ഡോ. പൂർണിമ നാരായണൻ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാൽ, ഡോ. മുബീന പി.എം., ഡോ. ഖലീൽ റഹ്മാൻ കെ.കെ. എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു. പ്രൊവിഡൻസ് വിമൻസ് കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥിനികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധവും ബോധവൽക്കരണവും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ആസ്റ്റർ മിംസ് അധികൃതർ, സ്ത്രീകളുടെ ആരോഗ്യശാക്തീകരണം ലക്ഷ്യമിട്ടുള്ള ഇത്തരം സാമൂഹിക ഇടപെടലുകൾ തുടരുമെന്നും അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അശ്മിത, വിവിധ വകുപ്പ് മേധാവികൾ, വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: സ്ത്രീകളിലെ അപസ്മാരത്തെക്കുറിച്ച് ശാസ്ത്രീയ അവബോധം വളർത്തുന്നതിനായി ആസ്റ്റർ മിംസ് സംഘടിപ്പിച്ച പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News