Tue Dec 12, 2023 10:56 PM 1ST

Sign In

സെറൻഡിപിറ്റി ആർട്സ് ഫെസ്റ്റിവൽ 11-ാം പതിപ്പ് ഡിസംബർ 13 മുതൽ ഗോവയിൽ

28 Nov 2026 12:11 IST

രെഹ്ന

Share News :

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൾട്ടി ഡിസിപ്ലിനറി കലാമേളയായ 'സെറൻഡിപിറ്റി ആർട്സ് ഫെസ്റ്റിവലിന്റെ' 11-ാം പതിപ്പ് ഡിസംബർ 13 മുതൽ 20 വരെ ഗോവയിലെ പനാജിയിൽ നടക്കും. പനാജിയിലെ പൈതൃക കെട്ടിടങ്ങൾ, പാർക്കുകൾ, ജലാശയ തീരങ്ങൾ എന്നിവിടങ്ങളിലായി മൂന്ന് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മേള ഒരുങ്ങുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ദൃശ്യകല, കരകൗശലം, സംഗീതം, നൃത്തം, നാടകം, സിനിമ, പാചകകല എന്നിവയ്ക്കു പുറമെ ഭിന്നശേഷി സൗഹൃദ പരിപാടികളും കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകളും മേളയിലുണ്ടാകും.


ലതിക ഗുപ്ത, ഷീബ ഛാച്ചി എന്നിവർ ക്യൂറേറ്റ് ചെയ്യുന്ന ദൃശ്യകല-ചലച്ചിത്ര വിഭാഗത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലെയും കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കും. കരൺ കപൂറിന്റെ 'മൈ ഗോവ 1976–1996' ഫോട്ടോ പ്രദർശനം, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ 'വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ', ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എവറസ്റ്റ് ആർക്കൈവ് പ്രദർശനം എന്നിവ പ്രധാന ആകർഷണങ്ങളാണ്. കരകൗശല വിഭാഗത്തിൽ സുധീർ രാജ്ഭർ, ക്ഷിതിജ് ജലോറി എന്നിവരുടെ നേതൃത്വത്തിൽ പരമ്പരാഗത കലാരൂപങ്ങളും സമകാലിക ഡിസൈനും സംയോജിപ്പിക്കുന്ന വർക്ക്ഷോപ്പുകളും പ്രദർശനങ്ങളും നടക്കും.


നൃത്ത-നാടക വിഭാഗങ്ങളിൽ ആഷ്‌ലി ലോബോ, അനുരാധ കപൂർ, മഹേഷ് ദത്താനി എന്നിവരുടെ ക്യൂറേഷനിൽ ശ്രദ്ധേയ അവതരണങ്ങൾ അരങ്ങേറും. ഹെമിംഗ്‌വേയുടെ നോവലിനെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരം, കൽക്കി കേക്‌ലൻ രചിച്ച നാടകം, ന്യൂസിലാൻഡ്-ഇന്ത്യൻ നൃത്തസംഘങ്ങളുടെ സംയുക്ത അവതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സംഗീത വിഭാഗത്തിൽ അരുണ സായിറാം, അങ്കുർ തിവാരി എന്നിവരുടെ നേതൃത്വത്തിൽ 21 സിത്താറുകൾ അണിനിരക്കുന്ന 'സിത്താർ സിംഫണി', ത്രിലോക് ഗുർട്ടുവിന്റെ സംഗീത പരിപാടി, നാഗല്ലി ഹിൽസിലെ പ്രത്യേക സംഗീത വേദി എന്നിവയും ശ്രദ്ധേയമാകും.


അനീഷ റേച്ചൽ ഉമ്മൻ ക്യൂറേറ്റ് ചെയ്യുന്ന പാചകകല വിഭാഗത്തിൽ ഗോവൻ ഭക്ഷണ പാരമ്പര്യങ്ങളും കുടിയേറ്റത്തിന്റെയും പരിസ്ഥിതിയുടെയും ഓർമ്മകൾ പങ്കുവെക്കുന്ന 'ദ ലാസ്റ്റ് മീൽ' പ്രദർശനവും ഉണ്ടാകും. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ പദവിയുടെ ഭാഗമായി അയർലൻഡ് ആദ്യമായി മേളയിൽ പങ്കാളിയാകുന്നു. 2027 ജൂണിൽ ലണ്ടനിൽ നടക്കാനിരിക്കുന്ന ഫെസ്റ്റിവലിന്റെ ആദ്യ അന്താരാഷ്ട്ര പതിപ്പിന് മുന്നോടിയായി ഇന്ത്യ-യുകെ സാംസ്കാരിക വിനിമയത്തിനും മേള വേദിയാകും.


Follow us on :

More in Related News