Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2026 04:04 IST
Share News :
മസ്കറ്റ്: ഒമാനിലെ റൂവിയിൽ ജോലിസ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശിയായ മോഹനനെ ഒമാൻ പ്രവാസി അസോസിയേഷന്റെ കൂട്ടായ്മയിൽ നാട്ടിലേക്ക് തുടർ ചികിത്സയ്ക്കായി അയച്ച സംഭവം പ്രവാസി ലോകത്തിന്റെ മനുഷ്യസ്നേഹവും അതോടൊപ്പം അതിന്റെ നിസ്സഹായ യാഥാർഥ്യവും ഒരുപോലെ വെളിപ്പെടുത്തുന്നു.
ജോലിക്കിടെ മരത്തിൽ നിന്ന് വീണ് മാരകമായി പരിക്കേറ്റ മോഹനനെ അടിയന്തരമായി നാട്ടിലെത്തിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും, ഉയർന്ന വിമാന ടിക്കറ്റ് നിരക്കും ചികിത്സാ ചെലവുകളും കുടുംബത്തെ പ്രതിസന്ധിയിലാക്കി.
വിവരം ലഭിച്ചതോടെ ഒമാൻ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വേഗത്തിൽ ഇടപെട്ടു. സംഘടനയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ അംഗങ്ങൾ ഒത്തൊരുമിച്ച് രംഗത്തെത്തിയതോടെ വെറും 13 മണിക്കൂറിനുള്ളിൽ ആവശ്യമായ തുക സമാഹരിക്കാനായി.
ഇത് പ്രവാസികളുടെ ജാതി–മത–രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കുന്ന മനോഭാവത്തിന്റെ ശക്തമായ തെളിവാണ്. ദുരിതത്തിൽപ്പെടുന്ന ഒരാളെ ‘സ്വന്തം ആളായി’ കണ്ട് കൈത്താങ്ങാകുന്ന ഈ കൂട്ടായ്മ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്.
ഒമാൻ പ്രവാസി അസോസിയേഷനൊപ്പം മറ്റു ചില സംഘടനകളും സഹായവുമായി ചേർന്നതും ഈ ഐക്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
എന്നാൽ, ഈ മാനുഷിക ഇടപെടലിനെ മാത്രം പ്രശംസിച്ച് നിൽക്കുന്നത് മതിയാകില്ല. ഇന്നും ഒരു പ്രവാസിക്ക് അപകടമുണ്ടായാൽ നാട്ടിലെത്തിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പിരിവ് മാത്രമാണോ ഏക ആശ്രയം എന്ന ചോദ്യം ഇവിടെ ശക്തമായി ഉയരുന്നു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾ ദുരന്തസമയത്ത് ഇങ്ങനെ അനൗദ്യോഗിക സഹായ ശൃംഖലകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് ഭരണകൂടങ്ങളുടെ പ്രവാസി ക്ഷേമ നയങ്ങളുടെ പരാജയമായി തന്നെ വിലയിരുത്തപ്പെടണം.
പ്രവാസികൾ വർഷം തോറും നാട്ടിലേക്ക് അയക്കുന്ന കോടിക്കണക്കിന് രൂപയുടെ റിമിറ്റൻസ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക നട്ടെല്ലാണ്. എന്നാൽ അതേ പ്രവാസി ഒരു അപകടത്തിൽപ്പെടുമ്പോൾ അടിയന്തര വിമാന ടിക്കറ്റ് പോലും കണ്ടെത്താൻ സമൂഹമാധ്യമ പിരിവ് വേണമെന്ന അവസ്ഥ ലജ്ജാകരമാണ്. പ്രവാസി ക്ഷേമബോർഡുകൾ, എംബസികൾ, കോൺസുലേറ്റുകൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, എല്ലാവരും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങാതെ അടിയന്തര റീപാട്രിയേഷൻ ഫണ്ടും മെഡിക്കൽ എമർജൻസി സഹായ സംവിധാനവും നിർബന്ധമായും സജ്ജമാക്കേണ്ട സമയമാണിത്.
ഓരോ അപകടസമയത്തും ‘സഹായിക്കണം’ എന്ന അഭ്യർഥനയോടെ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കേണ്ടിവരുന്നത് പ്രവാസികളുടെ ദുരവസ്ഥ മാത്രമല്ല, ഭരണപരമായ വീഴ്ചയുടെ തെളിവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സ്ഥിരം പരിഹാരങ്ങൾ കാണാതെ പോകുന്നത് കൂടുതൽ ആശങ്കപ്പെടുത്തുന്നു.
മോഹനനെ നാട്ടിലേക്ക് സുരക്ഷിതമായി അയച്ചതും ശേഷിച്ച തുക നാട്ടിലെ അക്കൗണ്ടിലേക്ക് കൈമാറിയതും ഒമാൻ പ്രവാസി അസോസിയേഷന്റെ ഉത്തരവാദിത്തബോധം തെളിയിക്കുന്നു. എന്നാൽ ഈ സംഭവം അവസാനിപ്പിക്കേണ്ടത് അഭിനന്ദനവാക്കുകളോടെ അല്ല മറിച് പ്രവാസികളുടെ ദുരന്തസമയ സുരക്ഷയ്ക്ക് സ്ഥിരം പൊതുസംവിധാനം വേണമെന്ന ശക്തമായ ആവശ്യത്തോടെയായിരിക്കണം.
Follow us on :
More in Related News
Please select your location.