Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു മാസം പിന്നിട്ടിട്ടും നിയമനമില്ല; ശമ്പളവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് അതിഥി അധ്യാപകർ; വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്നുവെന്നും AKCGTA

06 Jul 2026 18:06 IST

Enlight Media

Share News :

കോഴിക്കോട്- 2026-27 അധ്യയന വർഷം ആരംഭിച്ച് ഏകദേശം ഒരു മാസം പിന്നിട്ടിട്ടും കേരളത്തിലെ നിരവധി സർക്കാർ, എയ്ഡഡ് കോളേജുകളിൽ അതിഥി അധ്യാപകരെ നിയമിക്കാത്തത് ഉയർന്ന വിദ്യാഭ്യാസ മേഖലയിലെ ഗുരുതര പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്ന് ഓൾ കൈരളി കോളേജ് ഗസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (AKCGTA) ആരോപിച്ചു.

അധ്യാപക സ്ഥലംമാറ്റ നടപടികൾ പൂർത്തിയാകാത്തതും മാനേജ്മെന്റ് തലത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടി പല കോളേജുകളിലും അഭിമുഖം പോലും നടത്തിയിട്ടില്ല. നിയമനം നടന്ന സ്ഥാപനങ്ങളിലാകട്ടെ നിയമന ഉത്തരവ് 10 മുതൽ 15 ദിവസം വരെ വൈകി നൽകുകയും, ആ ദിവസങ്ങളിൽ സേവനം ചെയ്തിട്ടും അതിഥി അധ്യാപകർക്ക് ശമ്പളം നിഷേധിക്കപ്പെടുകയും ചെയ്യുന്നതായി കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘടന ചൂണ്ടിക്കാട്ടി.

നിയമന നടപടികളിലും വ്യാപകമായ അപാകതകളുണ്ടെന്നാണ് സംഘടനയുടെ ആരോപണം. UGC മാനദണ്ഡങ്ങളും SOPയും നിലവിലുണ്ടെങ്കിലും പല കോളേജുകളിലും ഏകീകൃത നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നില്ല. അഭിമുഖ മാർക്കിംഗിലെ വിവേചനാധികാരവും മെറിറ്റ് പട്ടികകളിലെ ഇടപെടലും സുതാര്യതയെ ചോദ്യം ചെയ്യുന്നതായും, ചിലയിടങ്ങളിൽ മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കാതെ തന്നെ നിയമനങ്ങൾ നടക്കുന്നതായും സംഘടന ആരോപിക്കുന്നു.

ക്ലാസ് മുറികൾ ഇനി മാറും… ഓരോ വിദ്യാർത്ഥിക്കും ഒരു AI അധ്യാപകൻ.

2030-ൽ വിദ്യാഭ്യാസം പുസ്തകങ്ങൾക്കും ബ്ലാക്ക്ബോർഡിനും അതീതമാകുമോ?

ഫോർ ഇയർ യു.ജി. പ്രോഗ്രാം നടപ്പിലാക്കിയതോടെ വർക്‌ലോഡ് കണക്കുകൂട്ടലിലെ അപാകതകൾ അതിഥി അധ്യാപകരുടെ തൊഴിൽസുരക്ഷയെ കൂടുതൽ ബാധിച്ചു. നാലാം സെമസ്റ്ററിലെ മൈനർ വിഷയങ്ങൾ ഒഴിവാക്കിയതോടെ നിരവധി അധ്യാപകർക്ക് നാല് മുതൽ അഞ്ച് മാസം വരെ മാത്രമാണ് ജോലി ലഭിക്കുന്നത്. ഇതോടെ വർഷത്തിന്റെ ബാക്കി കാലയളവിൽ തൊഴിൽരഹിതരാകുന്ന അവസ്ഥയാണ് പലർക്കും നേരിടേണ്ടിവരുന്നത്.

മതിയായ വർക്‌ലോഡ് ഇല്ലാതെ നിയമനം നടത്തി പിന്നീട് അതേ കാരണം ചൂണ്ടിക്കാട്ടി അപ്രൂവലും ശമ്പളവും നിഷേധിക്കുന്ന പ്രവണത, പരീക്ഷാ ഡ്യൂട്ടിയിലും മൂല്യനിർണയ ജോലികളിലും തുല്യ അവസരങ്ങളുടെ അഭാവം, അക്കാദമിക് വർഷാവസാനത്തിലും വേനലവധിക്കാലത്തും സേവനം ചെയ്തിട്ടും പ്രതിഫലം ലഭിക്കാത്തത്, ഓഡിറ്റിന്റെ പേരിൽ വർഷങ്ങൾക്കുശേഷം ശമ്പളം തിരിച്ചടപ്പിക്കൽ, ഹാഫ്-ഡേ അവധിക്ക് പോലും വേതനം നഷ്ടപ്പെടുത്തുന്ന രീതികൾ എന്നിവ അതിഥി അധ്യാപകർ നേരിടുന്ന പ്രധാന വെല്ലുവിളികളായി സംഘടന ചൂണ്ടിക്കാട്ടുന്നു.

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

സ്ഥിരം അധ്യാപകർ നിർവഹിക്കുന്ന അക്കാദമികവും ഭരണപരവുമായ ചുമതലകൾ ഒരുപോലെ നിർവഹിച്ചിട്ടും അതിഥി അധ്യാപകർക്ക് തുല്യ പരിഗണന ലഭിക്കുന്നില്ലെന്ന് AKCGTA വ്യക്തമാക്കി. ‘Equal Pay for Equal Work’ എന്ന തത്വം ഊന്നിപ്പറയുന്ന 2025-ലെ സുപ്രീം കോടതി വിധിയുടെ ആത്മാവ് ഉൾക്കൊണ്ട് അതിഥി അധ്യാപകരുടെ സേവനത്തിന് യഥോചിതമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കണമെന്നും, Earned Leave ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾ അനുവദിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണനിലവാരം അധ്യാപകരുടെ ആത്മവിശ്വാസത്തോടും തൊഴിൽസുരക്ഷയോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, അതിഥി അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നത് വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നടപടിയാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സെബാസ്റ്റ്യൻ കൂത്തോട്ടിൽ, സെക്രട്ടറി ഡോ. രമ്യ എൻകെ, ഡോ. അശ്വതി കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Enlight Snaps

അതിഥി അധ്യാപകർക്ക് നീതി വേണം

  • 2026–27 അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും നിരവധി സർക്കാർ, എയ്ഡഡ് കോളേജുകളിൽ അതിഥി അധ്യാപക നിയമനം പൂർത്തിയായിട്ടില്ല.
  • അധ്യാപക സ്ഥലംമാറ്റവും മാനേജ്മെന്റിന്റെ നിയമന ഉത്തരവുകളിലെ കാലതാമസവും നിയമനം വൈകാൻ കാരണമാകുന്നതായി AKCGTA.
  • നിയമന ഉത്തരവ് വൈകി നൽകുന്നതിനാൽ സേവനം ചെയ്ത ദിവസങ്ങളിലെ ശമ്പളം പോലും പലർക്കും നഷ്ടമാകുന്നതായി ആരോപണം.
  • UGC മാനദണ്ഡങ്ങളും SOPയും പാലിക്കാതെ മെറിറ്റ് പട്ടികയിൽ സുതാര്യതക്കുറവും നിയമന ക്രമക്കേടുകളും നിലനിൽക്കുന്നതായി സംഘടന.
  • ഫോർ ഇയർ യു.ജി. പദ്ധതിയിലെ വർക്‌ലോഡ് അപാകതകൾ അതിഥി അധ്യാപകരുടെ തൊഴിൽ അവസരങ്ങൾ കുറച്ചതായി ചൂണ്ടിക്കാട്ടൽ.
  • പരീക്ഷാ ഡ്യൂട്ടി, മൂല്യനിർണയം, അക്കാദമിക് വർഷാവസാന സേവനങ്ങൾ, വേനലവധിക്കാല ചുമതലകൾ എന്നിവയ്ക്ക് അർഹമായ പ്രതിഫലം ഉറപ്പാക്കണമെന്ന് ആവശ്യം.
  • ഓഡിറ്റിന്റെ പേരിൽ ശമ്പള വെട്ടിക്കുറവും വർഷങ്ങൾക്കുശേഷം തുക തിരിച്ചടപ്പിക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്ന് സംഘടന.
  • അതിഥി അധ്യാപകർക്ക് സ്ഥിരം അധ്യാപകരെപ്പോലെ തുല്യ പരിഗണനയും അടിസ്ഥാന ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് AKCGTA ആവശ്യപ്പെട്ടു.

Follow us on :

More in Related News