Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് വീണ്ടും നിപ ആശങ്ക; 43കാരന് വൈറസ് ബാധയെന്ന് പ്രാഥമിക സ്ഥിരീകരണം

10 Jun 2026 22:06 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനിലാണ് പ്രാഥമിക പരിശോധനയിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ് അദ്ദേഹം.

ലഭ്യമായ വിവരങ്ങൾ പ്രകാരം, ക്ലീനിങ് തൊഴിലാളിയായ ഇയാൾ അടുത്തിടെ ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നു. അവിടെ നിന്നായിരിക്കാം വൈറസ് ബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ ആരോഗ്യവകുപ്പ് നടത്തിവരികയാണ്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് ഡിസ്ചാർജായിരുന്നു. തുടർന്ന് ബോധക്ഷയം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി. മദ്യപാന ശീലം ഉണ്ടായിരുന്നതിനാൽ ആദ്യം ഇത് വിഡ്രോവൽ ലക്ഷണങ്ങളാകാമെന്ന സംശയത്തിൽ ഡി-അഡിക്ഷൻ സെന്ററിലേക്കും കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്. ഇതുമൂലം രോഗിയുടെ സമ്പർക്ക പട്ടിക കൂടുതൽ വ്യാപകമായിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക.

രോഗിയുടെ സാമ്പിൾ അന്തിമ സ്ഥിരീകരണത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), പുണെയിലേക്കും അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള ഫലം ലഭിക്കുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കും.

Follow us on :

More in Related News