Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തസ്രാവ, രക്തം കട്ടപിടിക്കൽ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ; ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക്

27 Oct 2026 06:56 IST

NewsDelivery

Share News :

കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്കിന്റെ ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാർ നിർവഹിക്കുന്നു.

ഹീമോഫീലിയ ഉൾപ്പെടെയുള്ള രക്തരോഗങ്ങൾക്ക് ഇനി വിദഗ്ധ ചികിത്സ ലഭ്യമാകും

കോഴിക്കോട്: രക്തസ്രാവം, രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണ രോഗാവസ്ഥകൾക്ക് സമഗ്രമായ രോഗനിർണയവും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു.

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന രക്തസ്രാവ വൈകല്യങ്ങളും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകളും സമയബന്ധിതമായി തിരിച്ചറിയുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും പുതിയ ക്ലിനിക്ക് സഹായകമാകും. കൃത്യസമയത്ത് രോഗനിർണയം നടത്താത്ത ഇത്തരം രോഗങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകാം.

തുടർച്ചയായ രക്തസ്രാവം അനുഭവിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ശസ്ത്രക്രിയയ്ക്കു മുമ്പുള്ള നിർണായക പരിശോധനകളും രോഗനിർണയവും ചികിത്സയും ക്ലിനിക്കിലൂടെ ലഭ്യമാകും.

ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ച തൃശൂർ ഗവ. മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാർ, ഇത്തരം നൂതന ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് പറഞ്ഞു. സങ്കീർണമായ രക്തസംബന്ധ രോഗങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒരേസമയം നിയന്ത്രിക്കേണ്ടിവരുന്നത് വൈദ്യശാസ്ത്രത്തിലെ സങ്കീർണമായ വെല്ലുവിളികളിലൊന്നാണെന്ന് ക്ലിനിക്ക് മേധാവിയും കൺസൾട്ടന്റുമായ ഡോ. കാർത്തിക കെ.വി. പറഞ്ഞു. ഹീമോഫീലിയ, പ്ലേറ്റ്‌ലെറ്റ് ഫങ്ഷൻ ഡിസോർഡേഴ്സ്, വോൺ വില്ലെബ്രാൻഡ് രോഗം തുടങ്ങിയവ ബാധിച്ചവർക്ക് കൃത്യമായ രോഗനിർണയവും വ്യക്തിഗത ചികിത്സയും നൽകാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കോയാഗുലേഷൻ പ്രൊഫൈൽ, ഫാക്ടർ അസ്സേ, ത്രോംബോഫീലിയ വർക്കപ്പ് തുടങ്ങിയ പരിശോധനകൾക്കുള്ള അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളും ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. കാർത്തിക കെ.വി.യുടെ നേതൃത്വത്തിൽ രക്തസ്രാവ വൈകല്യങ്ങളെക്കുറിച്ചുള്ള സെമിനാറും അടിസ്ഥാന കോയാഗുലേഷൻ പരിശോധനകളുടെയും ഫാക്ടർ അസ്സേ പരിശോധനകളുടെയും തത്സമയ പ്രദർശനവും സംഘടിപ്പിച്ചു.

കഴിഞ്ഞ 25 വർഷമായി ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് ആസ്റ്റർ മിംസ് ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആശുപത്രി സി.എം.എസ്. ഡോ. എബ്രഹാം മാമൻ പറഞ്ഞു. പ്രാദേശികതലത്തിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്ലിനിക്ക് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ എ.ജി.എം. ഓപ്പറേഷൻസ് ഷീന നമ്പ്യാർ, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മനോജൻ തെക്കേടത്ത്, ഡോ. സുദീപ് വാണിയത്ത്, ഡോ. കേശവൻ എം.ആർ. തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News