Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റഷ്യയിലെ ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ നിയോള പിന്റോയ്ക്ക് സ്വർണം

15 Oct 2026 15:01 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: റഷ്യയിലെ തുല മേഖലയിൽ നടന്ന ഇരുപതാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലെ ആറാം ക്ലാസ് വിദ്യാർഥിനി നിയോള പിന്റോയ്ക്ക് ഒരു സ്വർണവും രണ്ട് വെള്ളിമെഡലുകളും. പെൺകുട്ടികളുടെ അണ്ടർ-11 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നിയോള റാപ്പിഡിൽ സ്വർണവും ക്ലാസിക്കൽ, ബ്ലിറ്റ്സ് ഇനങ്ങളിൽ വെള്ളിയും നേടി.

ഒക്ടോബർ ആദ്യവാരം നടന്ന ചാമ്പ്യൻഷിപ്പിൽ 12 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്തു. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം.

കർണാടകയിലെ ഷിമോഗ ജില്ലയിൽനിന്നുള്ള നിയോള, ഒമാനിലെ അൽ ഖുവൈറിലുള്ള OCS Infotech-ൽ ജോലി ചെയ്യുന്ന അനിൽ പിന്റോയുടെയും നിർമല പിന്റോയുടെയും മകളാണ്. ഇന്ത്യൻ സ്കൂൾ ബൗഷറിലെ ആറാം ക്ലാസ് എ വിദ്യാർഥിനിയായ നിയോള പഠനത്തോടൊപ്പം ചെസ് പരിശീലനവും തുടരുന്നു.

നിയോളയുടെ ഇളയ സഹോദരി നൈറ പിന്റോയ്ക്കും ചെസിൽ താൽപര്യമുണ്ട്. ഇന്ത്യൻ സ്കൂൾ ബൗഷറിലെ കെ.ജി. വിദ്യാർഥിനിയായ അഞ്ചുവയസ്സുകാരി നൈറയും ചെസ് പരിശീലനം നടത്തുന്നുണ്ട്.

ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലെ മറ്റൊരു വിദ്യാർഥിയായ ഇലാൻ ഷഫീഖും ആൺകുട്ടികളുടെ അണ്ടർ-9 വിഭാഗത്തിൽ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് ഇനങ്ങളിലും വെള്ളിമെഡൽ നേടി. മക്കളുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇരുവരുടെയും മാതാപിതാക്കൾ പറഞ്ഞു.

നിയോളയോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് കർണാടകയിൽനിന്നുള്ള രാജേശ്വരി അയ്യപ്പനും തമിഴ്നാട്ടിൽനിന്നുള്ള യാക്ഷിണിയും മത്സരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News