Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2026 20:53 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി പുരോഗമിക്കുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16 വെള്ളിയാഴ്ച ഷഷ്ഠിദിനത്തിൽ മഹാവിഷ്ണുവിന് വിശേഷാൽ ചക്രാബ്ജപൂജ നടക്കും. നവരാത്രിക്കാലത്ത് വർഷംതോറും മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിശേഷപൂജയായ ചക്രാബ്ജപൂജ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ ആറ് മുതൽ പതിനൊന്ന് വരെ നടക്കും. അതിവിശിഷ്ടമായ ഈ പൂജയ്ക്കായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വൈകുന്നേരം മഹാവിഷ്ണുനടയിലും സരസ്വതിനടയിലും വിശേഷാൽ പുഷ്പാഭിഷേകവും ദീപാരാധനയും നടക്കും. നവരാത്രി വിശേഷാൽ പൂജകൾക്കൊപ്പം ഭക്തജനത്തിരക്കും വർധിച്ചുവരികയാണ്.
ക്ഷേത്രത്തിലെ പൂജവയ്പിനും വിജയദശമി വിദ്യാരംഭത്തിനുമുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും എഴുത്തുപകരണങ്ങളുമായി ഗ്രന്ഥമെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. തുടർന്ന് സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പേനകളും ഉൾപ്പെടെയുള്ള എഴുത്തുപകരണങ്ങൾ പൂജയ്ക്കായി സമർപ്പിക്കും. പൂജവയ്പിന് പുസ്തകങ്ങളും പാഠപുസ്തകങ്ങളും എഴുത്തുപകരണങ്ങളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ക്ഷേത്ര ഓഫീസിൽ അവ ഏൽപ്പിച്ച് രസീത് കൈപ്പറ്റേണ്ടതാണ്. ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ പുലർച്ചെ നാലിന് പൂജയെടുപ്പിനെ തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പുണ്യദിനത്തിനായുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവത്തിൽ പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത് ശ്രദ്ധേയമായി.16ന് ദേശീയ നൃത്തസംഗീതോത്സവത്തിൽ മുംബൈയിലെ നൃത്യരഞ്ജനി ഫൈൻ ആർട്സ് അക്കാദമിയുടെ ഭരതനാട്യാവതരണം നടക്കും. രേവതി ശ്രീനിവാസരാഘവൻ, ദിവ്യ ശ്രീകാന്ത് എന്നിവരാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.