Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധ്യമേഖല നാട്ടാനകളുടെ വൈദ്യ പരിശോധനാ ക്യാമ്പ് കിടങ്ങൂരില്‍ നടക്കും

15 Oct 2026 19:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : നമ്മുടെ നാട്ടിലെ നാട്ടാനകളുടെ എണ്ണം വളരെയധികം കുറഞ്ഞു വരികയാണ്. 2008 ല്‍ ആയിരത്തിലധികം നാട്ടാനകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ അതിന്റെ എണ്ണം മൂന്നില്‍ ഒന്നായി കുറഞ്ഞ് 366 ല്‍ എത്തി. പ്രായാധിക്യം മൂലവും അസുഖം മൂലവും ചെരിയുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് സാംസ്‌കാരിക കേരളത്തെ ആശങ്കപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ കേരളത്തിലെ ഗജസമ്പത്തിനെ പരിപാലിച്ച് നിലനിര്‍ത്തേണ്ടത് ഉടമകളുടെ ആവശ്യം മാത്രമല്ല കേരളത്തിന്റെ ഉത്സവ ആചാരങ്ങള്‍ കാത്തു സൂക്ഷിക്കുക എന്നുമുള്ള കടമ കൂടിയാണ്.

ആനകള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ തിരിച്ചറിയുവാനും അതിനു ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും കേരളാ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനത്തിന്റെ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ച് ഗജ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രഗല്‍ഭരായ വെറ്ററിനറി ഡോക്ടര്‍മാര്‍ അന്നേ ദിവസം ക്യാമ്പില്‍ പങ്കെടുത്തുകൊണ്ട് ആനകളെ പരിശോധിക്കുന്നതാണ്. എല്ലാ ആനകള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്് അവിടെ വിതരണം ചെയ്യുന്നതാണ്.

വടക്കന്‍ മേഖലാ ക്യാമ്പ് ഒക്ടോബര്‍ മാസം 9 ാം തീയതി തൃശൂരില്‍ വെച്ചു നടന്നു. ഗജരാജന്‍ പാമ്പാടി രാജന്‍ ഉള്‍പ്പെടെ നിരവധി ആനകളുടെ വൈദ്യ പരിശോധന തൃശൂരില്‍ നടന്നു. ആനകളുടെ രക്തം, മൂത്രം, എരണ്ടം എന്നിവ മണ്ണുത്തി വെറ്ററിനറി കോളേജില്‍ പരിശോധിച്ചു.

മധ്യമേഖല ഗജ വൈദ്യ പരിശോധന ക്യാമ്പ് കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ ശ്രീ. സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രപരിസരത്തുവെച്ച് ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ നടക്കും. ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. മോന്‍സ് ജോസഫ് ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. 30 ല്‍ അധികം ആനകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൊല്ലത്തും, ഇടുക്കിയിലും ഇതുപോലുള്ള ഗജ മെഡിക്കല്‍ ക്യാമ്പുകള്‍ ഈ മാസം തന്നെ നടത്തുമെന്നും എല്ലാ ആറുമാസം കൂടുമ്പോഴും ആനകളുടെ രക്തം, മൂത്രം, എരണ്ടം എന്നിവ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍, സെക്രട്ടറി കെ. മഹേഷ് എന്നിവര്‍ അറിയിച്ചു.

Follow us on :

More in Related News