Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോട്ടറിയുടെ നമ്പർ തിരുത്തി വിവിധ ജില്ലകളിൽ പണം തട്ടൽ; വിരുതൻ ഒടുവിൽ പോലീസ് പിടിയിൽ.

30 Aug 2026 19:22 IST

santhosh sharma.v

Share News :

വൈക്കം : ലോട്ടറി ടിക്കറ്റിലെ നമ്പർ കൃത്രിമമായി തിരുത്തി പണം തട്ടുന്ന കേസിലെ വിരുതൻ ഒടുവിൽ പിടിയിൽ . കൊല്ലം പുനലൂർ കരുവാലൂർ വെച്ചമ്പുബ്ലാത്തൂർ വീട്ടിൽ ഷാജി ( ഷാജൻ - 56) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിൽ കറങ്ങി നടന്ന് ലോട്ടറി തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി

നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5,000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2,300 രൂപയുടെ ടിക്കറ്റും 2,700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു. കഴിഞ്ഞ മാസം 5-നായിരുന്നു സംഭവം. പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായാണ് വിവരം.2024 ൽ ആലപ്പുഴ കായംകുളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപം ലോട്ടറി വില്പന നടത്തുന്ന സ്ത്രീയെ ഇയാൾ കബളിപ്പിച്ച് പതിനായിരം രൂപ തട്ടിയെടുത്തിരുന്നു. നമ്പർ തിരുത്തിയ രണ്ട് വ്യാജ ലോട്ടറി ടിക്കറ്റുകൾക്ക് 5,000 രൂപ സമ്മാനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്ന് തട്ടിപ്പ് നടത്തിയത്. ഈ കേസിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് , കാറിൽ വളരെ മാന്യനായെത്തി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. ലോട്ടറി നമ്പർ തിരുത്താൻ വിദഗ്ധനായ ഇയാൾ സമാനമായ രീതിയിൽ നൂറ് കണക്കിന് തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. കാഴ്ചാ പരിമിതി ഉള്ളവരേയും, വൃദ്ധരേയും, സ്ത്രീകളേയുമാണ് ഇയാൾ പ്രധാനമായും തട്ടിപ്പിന് ഇരയാക്കുന്നത്.

Follow us on :

More in Related News