Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 03:16 IST
Share News :
മസ്കറ്റ്: ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ഭീകര വാഹനാപകടത്തിൽ ആറു പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റതായും, ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും റോയൽ ഒമാൻ പൊലീസ് (ROP) അറിയിച്ചു. അപകടത്തിൽ മരിച്ചവർ ഒരേ കുടുംബത്തിലെ സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം.
സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലെ വാദി ബനി റവാഹ മേഖലയിലായിരുന്നു അപകടം. വൈകുന്നേരം എട്ടുമണിക്ക് മുമ്പ് മസ്കറ്റിലേക്ക് പോകുകയായിരുന്ന സ്റ്റീൽ കോയിലുകൾ കയറ്റിയ ട്രാക്ടർ-ട്രെയിലർ ലോറി നിയന്ത്രണം വിട്ടതാണ് ദുരന്തത്തിന് കാരണമായത്. അപകടസ്ഥലത്തിന് സമീപം നേരത്തെ ഉണ്ടായ മറ്റൊരു വാഹനാപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഈ കുരുക്ക് ശ്രദ്ധയിൽപ്പെട്ടതോടെ ലോറി ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സ്റ്റീൽ കോയിലുകൾ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡർ മറികടന്ന് എതിർദിശയിലേക്ക് തെറിച്ചുവീഴുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
തുടർന്ന് ഉണ്ടായ കൂട്ടിയിടിയിൽ 15 വാഹനങ്ങൾ തകർന്നു. നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചില വാഹനങ്ങൾ പൂർണമായും തകർന്ന നിലയിലാകുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു.
അപകടവിവരം ലഭിച്ച ഉടൻ റോയൽ ഒമാൻ പൊലീസ്, ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എന്നിവയുടെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിൽ ഗതാഗത-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ട്രാൻസ്പോർട്ട് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളും ദുരന്തത്തിന് വഴിവെച്ച സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അധികൃതർ അനുശോചനം രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.