Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 09:18 IST
Share News :
കോഴിക്കോട്: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ അൾട്രാവയലറ്റിന്റെ രാജ്യത്തെ 50-ാമത് എക്‌സ്പീരിയൻസ് സെന്റർ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തനം ആരംഭിച്ചു. ക്രക്‌സ് മൊബിലിറ്റിയുടെ ആഭിമുഖ്യത്തിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് എതിർവശത്താണ് പുതിയ സ്‌പേസ് സ്റ്റേഷൻ ആരംഭിച്ചത്.
അൾട്രാവയലറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീധർ കാകിലേറ്റി, സീനിയർ വൈസ് പ്രസിഡന്റ് ഗജനൻ ഉംറേകർ, ക്രക്‌സ് മൊബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ നിക്ഷാൻ അഹമ്മദ്, നിക്ഷാൻ ഗ്രൂപ്പ് എംഡി എം.എം.വി. മൊയ്തു, ചെയർമാൻ കെ. മുസ്തഫ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
അൾട്രാവയലറ്റിന്റെ റീട്ടെയിൽ ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ബിഗ്ഗ (Big Global Ambition), ബാറ്ററി ഫ്‌ലെക്‌സ്, എക്‌സ്47 ക്രോസ്ഓവർ എന്നീ പുതിയ പദ്ധതികളുടെയും മോഡലുകളുടെയും അവതരണത്തിന് പിന്നാലെയാണ് കോഴിക്കോട് സ്‌പേസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.
അൾട്രാവയലറ്റിന്റെ എക്‌സ്47, എഫ്77 തുടങ്ങിയ പെർഫോമൻസ് മോട്ടോർസൈക്കിളുകൾ അടുത്തറിയാനും ടെസ്റ്റ് റൈഡ് നടത്താനും കേന്ദ്രത്തിൽ സൗകര്യമുണ്ട്. സെയിൽസ് കൺസൾട്ടേഷൻ, പ്രൊഡക്റ്റ് ഡെമോൺസ്‌ട്രേഷൻ, മോട്ടോർസൈക്കിൾ ആക്‌സസറികൾ എന്നിവയും ലഭ്യമാകും.
അൾട്രാവയലറ്റിന്റെ എക്‌സ്47, എഫ്77 മോഡലുകളിൽ 40.2 എച്ച്പി കരുത്തും 100 എൻഎം ടോർക്കും നൽകുന്ന പവർട്രെയിനാണുള്ളത്. 2.8 സെക്കൻഡിൽ മണിക്കൂറിൽ 0ൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ മോഡലുകൾക്ക് 10.3 കിലോവാട്ട് അവർ ബാറ്ററി പാക്കാണ് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 323 കിലോമീറ്റർ വരെ IDC റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
എക്‌സ്47 ക്രോസ്ഓവറിൽ 5 ഇഞ്ച് TFT ഡിസ്‌പ്ലേ, മൂന്ന് റൈഡ് മോഡുകൾ, ലോംഗ് ട്രാവൽ സസ്‌പെൻഷൻ എന്നിവയുണ്ട്. റഡാർ സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളെന്ന പ്രത്യേകതയും മോഡലിനുണ്ട്. റേഡിയൽ ഓൾ-ടെറൈൻ ടയറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
77 ഗിഗാഹെർട്‌സ് റിയർ റഡാർ അധിഷ്ഠിത യുവി റഡാർ ഇന്റലിജൻസ് സംവിധാനത്തിലൂടെ ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, ലെയിൻ ചേഞ്ച് അസിസ്റ്റ്, ഓവർടേക്ക് അലേർട്ട്, റിയർ കൊളിഷൻ വാണിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കുന്നു. ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാമും എയർ-കൂൾഡ് ഓൺബോർഡ് ചാർജറും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.
ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സൗകര്യം ഒരുക്കുന്നതിനായി ‘ബാറ്ററി ഫ്‌ലെക്‌സ്’ എന്ന പുതിയ ഉടമസ്ഥതാ മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പ്രതിമാസം 2,323 രൂപയുടെ ബാറ്ററി സബ്‌സ്‌ക്രിപ്ഷനിലൂടെ 1,49,000 രൂപ പ്രാരംഭ വിലയിൽ എക്‌സ്47 സ്വന്തമാക്കാമെന്നാണ് കമ്പനി അറിയിച്ചത്. വാഹനത്തിന്റെയും ബാറ്ററിയുടെയും ഉടമസ്ഥതാ ചെലവുകൾ വേർതിരിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
അൾട്രാവയലറ്റിന്റെ 50-ാമത് സ്‌പേസ് സ്റ്റേഷൻ തുറക്കുന്നത് കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് സഹസ്ഥാപകനും സിഇഒയുമായ നാരായൺ സുബ്രമണ്യം പറഞ്ഞു. ഇരുചക്രവാഹന സംസ്കാരമുള്ള കോഴിക്കോട്ട് പ്രീമിയം ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപ്പര്യമാണ് സ്‌പേസ് സ്റ്റേഷൻ ആരംഭിക്കാൻ കാരണമെന്ന് നിക്ഷാൻ അഹമ്മദ് പറഞ്ഞു.
Follow us on :
More in Related News
Please select your location.