Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 10:42 IST
Share News :
മലപ്പുറം: മുതലാളിത്തത്തിന്റെ കണ്ണിലൂടെയല്ല, ഗാന്ധിജിയുടെ കണ്ണടയിലൂടെയാണ് വികസനത്തെ കാണേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ദ്വിദിന സി.എച്ച്.മുഹമ്മദ് കോയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന സാധാരണക്കാരെ മുന്നില്‍ കണ്ടു കൊണ്ടാവണം വികസനം എന്ന ഗാന്ധിദര്‍ശനത്തെ പ്രയോഗവത്കരിച്ച്, ദേശീയമായി ചിന്തിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. വിദ്യാഭ്യാസ മേഖലയില്‍ സി.എച്ചിന്റെ ദീര്‍ഘദര്‍ശിത്വത്തിനു തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലയെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും വികസനവും- അവസരങ്ങളും വെല്ലുവിളികളും എന്ന മുഖ്യപ്രമേയത്തിലാണ് സെമിനാര്‍. ഒരു വര്‍ഷം നീളുന്ന സി.എച്ച്. ജന്മശതാബ്ദിവര്‍ഷ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
നൊബേല്‍ പുരസ്‌കാര ജേതാക്കളെ ഉള്‍പ്പെടെയുള്ളവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു തന്നെ സൃഷ്ടിച്ചെടുക്കുക എന്നതാണ് സി.എച്ചിനു നല്‍കാവുന്ന ഏറ്റവും വലിയ സ്മാരകമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമായ സി.എച്ച്. ചെയറിന് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കേവലം 16 മാസം കൊണ്ട് കാലിക്കറ്റ് സര്‍വകലാശാല എന്ന വലിയ വിദ്യാഭ്യാസ സ്ഥാപനത്തെ സാക്ഷാല്‍ക്കരിച്ചെടുത്ത സി.എച്ചിന്റെ ഭരണശേഷി അദ്ഭുതാവഹമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ടി.വി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യം എന്ന നിലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഏകാധിപത്യം എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഭീതിജനകമാണെന്ന് സി.എച്ച്.ചെയര്‍ ഭരണസമിതി അംഗം ഡോ.എം.കെ.മുനീര്‍ പറഞ്ഞു. സെമിനാറിന്റെ പ്രമേയം കാലികപ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണെന്നും ആമുഖ ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ചരിത്രകാരന്‍ എം.സി വടകര സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. രാജാക്കന്‍മാരില്‍ തുടങ്ങി അഭിഭാഷകരിലൂടെ തുടര്‍ന്ന് മുന്നോക്കക്കാരുടെ കൈപ്പിടിയിലായ രാഷ്ട്രീയത്തിന്റെ ചെങ്കോല്‍ കേരളത്തില്‍ ആദ്യമായി ഏറ്റെടുത്ത സാധാരണക്കാരനായിരുന്നു സി.എച്ച് എന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ചിനെക്കുറിച്ച് ഡോ. ആബിദ ഫാറൂഖി രചിച്ച സി.എച്ച്: മുസ്ലിം ലീഗ് ആന്‍ഡ് പ്ലൂരലിസ്റ്റ് ഇന്ത്യ, എ ലെഗസി അണ്‍മാച്ച്ഡ് എന്ന പുസ്തകം വേദിയില്‍ പ്രകാശനം ചെയ്തു. തുടര്‍ന്നു നടന്ന അക്കാദമിക് സെഷനില്‍ പ്രഫ. ഡോ.ജി. മോഹന്‍ ഗോപാല്‍ സെമിനാര്‍ മുഖ്യപ്രമേയം അവതരിപ്പിച്ചു.
കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ച വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ബഹുമാനിക്കാത്ത ഭരണകൂടവും അവര്‍ നിയന്ത്രിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളുമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അതു കൊണ്ടു തന്നെ ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.എം.എ.സമീര്‍ എം.എല്‍.എ, യൂസുഫ് അലി, ഡോ.ജിന്റോ ജോണ്‍, ഡോ.നൗഷാദ് തൂമ്പത്ത്, ഡോ.നാരായണന്‍ എം.ശങ്കരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി. മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാരരീതിയെക്കുറിച്ച് ഡോ. അഭിലാഷ് മലയില്‍ പ്രഭാഷണം നിര്‍വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, കാലിക്കറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. റഷീദ് അഹമ്മദ് പി, സി.എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, അഡ്വ. വി.കെ.ബീരാന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. എ.കെ.ഷാഹിന മോള്‍, സി.പി.ഹംസ, എ.ടി. അബ്ദുല്‍ ജബ്ബാര്‍, ഗ്രേസ് എജ്യുക്കേഷന്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ടി.മുജീബുറഹ്മാന്‍, അഷ്റഫ് തൂണേരി, അഡ്വ.തൊഹാനി, ഡോ.സാബിര്‍ നവാസ്, ഡോ. അഷ്‌റഫ് വാളൂര്‍ എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് തെരുവുഗായകരായ ബാബു ഭായിയും ലതയും അവതരിപ്പിച്ച ഗാനസദസ്സും അരങ്ങേറി. സെമിനാര്‍ ഇന്നു സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.