Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം: മുകേഷ് രാജിവെയ്ക്കണമെന്നതാണ് പാര്‍ട്ടി തീരുമാനം; കെ സുരേന്ദ്രന്‍

27 Aug 2024 13:02 IST

Shafeek cn

Share News :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ലെന്നും മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎല്‍എയുടെ രാജി എഴുതി വാങ്ങാന്‍ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മുകേഷിനെതിരായ ആരോപണത്തില്‍ ഈ വിഷങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റ മാത്രമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ആരോപണത്തിന്മേലല്ല പരാതിയിന്മേലാണ് നടപടി വേണ്ടതെന്നും പ്രതികരണം. വിഷയം കോടതിയിലുള്ള കാര്യമാണ്. കോടതിയില്‍ അത് തീരുമാനമെടുക്കും. 'അമ്മ' അസോസിയേഷന്‍ ഓഫീസില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ആണ് തന്നോട് ഇക്കാര്യങ്ങള്‍ ചോദിക്കേണ്ടത്. അല്ലാതെ തന്റെ ഓഫീസിന് മുന്നില്‍ നിന്ന് വരുമ്പോഴല്ല. ഇപ്പോള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാമെന്നും കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം. 


മാദ്ധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കേന്ദ്രമന്ത്രി നടത്തി. 'നിങ്ങള്‍ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങള്‍ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും സുരേഷ് ഗോപി ആരോപിച്ചു.പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്. നിങ്ങള്‍ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഒല്ലൂര്‍ എവൂപ്രാസ്യമ്മ തീര്‍ത്ഥകേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെതിയതായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.


Follow us on :

More in Related News