Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 23:35 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കറ്റ് വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടക്കും. രാജ്യസഭാംഗവും കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവുമായ ജോൺ ബ്രിട്ടാസ് എം.പി. ഇത്തവണത്തെ അനുസ്മരണ പ്രഭാഷണം നടത്തും.
സമകാലീന കേരളീയ സമൂഹത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്കുള്ള പ്രസക്തിയും വരുംകാലങ്ങളിൽ ഗുരുദർശനം എങ്ങനെ വിലയിരുത്തപ്പെടുമെന്നതുമടക്കമുള്ള വിഷയങ്ങളിൽ ഗൗരവമേറിയ ചർച്ചകൾക്കും ചിന്തകൾക്കും വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചുവരുന്നു. കേരള നവോത്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളെ പ്രവാസി സമൂഹത്തിൽ ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഗുരു പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തിട്ടുണ്ട്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, കോടിയേരി ബാലകൃഷ്ണൻ, രാജൻ ഗുരുക്കൾ, എം.ആർ. രാഘവവാര്യർ, സന്ദീപാനന്ദഗിരി, പ്രൊഫ. കാർത്തികേയൻ നായർ, സുനിൽ പി. ഇളയിടം, ഷൗക്കത്ത് തുടങ്ങിയവർ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ ഗുരുദർശനത്തിന്റെ പ്രസക്തി അവതരിപ്പിച്ചവരാണ്.
സമകാലിക സാമൂഹിക ജീവിതവുമായി ക്രിയാത്മകമായി ഇടപെടുന്ന ജോൺ ബ്രിട്ടാസിന്റെ സാന്നിധ്യം കേരള വിഭാഗം വർഷങ്ങളായി തുടർന്നുവരുന്ന ഗുരു അനുസ്മരണ പ്രഭാഷണ പരമ്പരയിലെ വേറിട്ട അധ്യായമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ഉദ്ബോധനങ്ങളും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യേണ്ട കാലഘട്ടമാണിതെന്നും സംഘാടകർ അഭിപ്രായപ്പെട്ടു. ഗുരുവിന്റെ മാനവികതയിലും സമത്വത്തിലും അധിഷ്ഠിതമായ ദർശനങ്ങൾ പ്രവാസി സമൂഹത്തിനിടയിലും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ഇത്തവണയും മസ്‌കറ്റിലെ പൊതുസമൂഹത്തിന്റെ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. മസ്‌കറ്റിലെ മുഴുവൻ പൊതുസമൂഹത്തെയും ഗുരു അനുസ്മരണ പ്രഭാഷണത്തിലേക്ക് ക്ഷണിക്കുന്നതായും അവർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, സംഘാടക സമിതി ചെയർമാൻ അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം ട്രഷറർ സുനിത്ത് തെക്കടവൻ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ, സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു, കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.