Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 23:09 IST
Share News :
കോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സി.ബി.എല്‍) ഭാഗമായി ഒക്ടോബർ 24ന് കോട്ടയം താഴത്തങ്ങാടിയില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കും. സി.ബി.എല്ലിന്‍റെയും താഴത്തങ്ങാടി കോട്ടയം മത്സര വള്ളംകളിയുടെയും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വള്ളംകളി വന്‍ വിജയമാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികളും കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രാദേശിക സമിതി രൂപീകരിച്ചു. മത്സര നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചുണ്ടന്‍ വള്ളങ്ങള്‍ക്കുള്ള സമ്മാനം, ബോണസ് തുടങ്ങിയവ നല്‍കുന്നതിനും വിനോദസഞ്ചാര വകുപ്പ് നടപടി സ്വീകരിക്കും.
മത്സരം നടക്കുന്ന താഴത്തങ്ങാടിയിലെ ട്രാക്കിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. രണ്ടു കരകളിലുമുള്ള മരച്ചില്ലകളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്നതിന് കോട്ടയം മുനിസിപ്പാലിറ്റിയും തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തും ക്രമീകരണം ഏര്‍പ്പെടുത്തും. മത്സര വേദിയില്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പോലീസും അഗ്നിരക്ഷാ സേനയും നടപടി സ്വീകരിക്കും. ഫിനിഷിംഗ് പോയിന്‍റില്‍ ആളുകള്‍ അതിക്രമിച്ചു കടക്കുന്നത് തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സംവിധാനമുണ്ടാകും. വള്ളം കളി ട്രാക്കിന്‍റെ ഭാഗത്ത് ചെറുവള്ളങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വള്ളംകളിയുടെ നടത്തിപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. വള്ളംകളി കഴിഞ്ഞാലുടന്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലും ഫിനിഷിംഗ് പോയിന്‍റിലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്‍റെ സേവനം ഉണ്ടാകും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.