Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 21:36 IST
Share News :
കടുത്തുരുത്തി: സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻ.സി.സി. കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും.
മന്ത്രിമാരായ ഷിബു ബേബി ജോൺ കൊല്ലത്തും പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയിലും എം. ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം. ജോൺ എറണാകുളത്തും ഒ. ജെ. ജനീഷ് തൃശൂരിലും എൻ. ഷംസുദ്ദീൻ പാലക്കാടും പി. കെ. ബഷീർ മലപ്പുറത്തും എ. പി. അനിൽകുമാർ കോഴിക്കോട്ടും ടി. സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെ. എം. ഷാജി കാസറഗോഡും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതാണ്.
സബ് ഡിവിഷൻ തലത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാവിലെ 9 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയർത്തും. തുടർന്ന് വിശിഷ്ടാതിഥിയുടെ സന്ദേശം, ദേശീയ ഗാനാലാപനം എന്നിവയുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോർപ്പറേഷനുകളിൽ മേയറും മുനിസിപ്പാലിറ്റികളിൽ ചെയർപേഴ്‌സണും ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡന്റും ദേശീയ പതാക ഉയർത്തും. തുടർന്ന് വിശിഷ്ടാതിഥിയുടെ സന്ദേശം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനങ്ങൾ തുടങ്ങിയവയുണ്ടാകും.
സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപനമേധാവി ദേശീയ പതാക ഉയർത്തും. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം, മറ്റ് പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
എല്ലാ ആഘോഷപരിപാടികളിലും ഹരിത പ്രോട്ടോക്കോളും മറ്റു നിർദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും ഉറപ്പുവരുത്തണം. ദേശീയ പതാക ഉയർത്തുമ്പോൾ ഭാരതത്തിന്റെ പതാകസംഹിത (Flag Code of India), 2002-ലെ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സ്ഥാപനമേധാവികൾ/ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരസൂചകമായി നിൽക്കേണ്ടതാണ്. നാഷണൽ സല്യൂട്ട് നൽകുന്ന അവസരങ്ങളിൽ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകണം. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വില്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.