Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് യു.എസ്.ടിയുടെ പിന്തുണ; ഭാരം കുറഞ്ഞ വീൽചെയർ സമ്മാനിച്ചു

07 Oct 2026 15:43 IST

Enlight News Desk

Share News :

തിരുവനന്തപുരം, ഒക്ടോബർ 7, 2026: ദേശീയ പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് യാത്രയും പരിശീലനവും കൂടുതൽ എളുപ്പമാക്കുന്നതിനായി പ്രമുഖ ടെക്‌നോളജി കമ്പനിയായ യു.എസ്.ടി. അൾട്രാ-ലൈറ്റ് വീൽചെയർ സമ്മാനിച്ചു. തിരുവനന്തപുരം യു.എസ്.ടി. ക്യാമ്പസിൽ അഖിൽ സാമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് വീൽചെയർ കൈമാറിയത്.

ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.എസ്.ടി. നടപ്പാക്കുന്ന കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് സഹായം. പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സഹായ ഉപകരണങ്ങൾ, സ്കോളർഷിപ്പുകൾ, തൊഴിൽപരിശീലനം എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതിയിൽ മുൻഗണന നൽകുന്നു.

AI കാലത്തും ഇന്ത്യയിൽ ടെക് തൊഴിലവസരങ്ങൾ ഉയരുന്നു; 1.23 ലക്ഷം ഒഴിവുകൾ


യാത്രയും പരിശീലനവും എളുപ്പമാക്കാൻ

നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി വീൽചെയർ ഉപയോഗിക്കുന്ന അഖിൽ സാം, പരിക്കിന് ശേഷം പാരാ ഷൂട്ടിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിലുടനീളം നടക്കുന്ന വിവിധ പാരാ ഷൂട്ടിംഗ് മത്സരങ്ങളിൽ അദ്ദേഹം സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.

2004ലെ കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും പൂനെയിൽ നടന്ന സോണൽ പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയ അഖിൽ സാം ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിട്ടുണ്ട്.

എന്നാൽ, നേരത്തെ ഉപയോഗിച്ചിരുന്ന വീൽചെയറിന്റെ അമിതഭാരം യാത്രയ്ക്കും പരിശീലനത്തിനും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഓരോ യാത്രയ്ക്കും മുമ്പ് വീൽചെയർ അഴിച്ചുമാറ്റുകയും പിന്നീട് വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യേണ്ട സാഹചര്യം അദ്ദേഹത്തിന് അധിക ശാരീരിക പ്രയാസമുണ്ടാക്കിയിരുന്നു.

കൂടുതൽ സഞ്ചാരസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനൊപ്പം പരിശീലനവും മത്സരപങ്കാളിത്തവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭാരം കുറഞ്ഞ വീൽചെയറിനായാണ് അഖിൽ സ്പോൺസർഷിപ്പ് തേടിയത്.

അഖിലിന്റെ ആവശ്യകത മനസ്സിലാക്കിയ യു.എസ്.ടി.യുടെ സി.എസ്.ആർ വിഭാഗമാണ് എളുപ്പത്തിൽ കൊണ്ടുപോകാനും മത്സരങ്ങളിലും പരിശീലന സമയത്തും ഉപയോഗിക്കാനും കഴിയുന്ന അൾട്രാ-ലൈറ്റ് വീൽചെയർ നൽകിയത്.

യു.എസ്.ടി. സംഘടിപ്പിച്ച രണ്ട് ട്രിവാൻഡ്രം മാരത്തണുകളിലും അഖിൽ സാം പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെ കമ്പനിയും താരവും തമ്മിൽ നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നു.

“തടസ്സങ്ങൾ മറികടന്ന് മുന്നേറാൻ പിന്തുണ”

“യഥാർത്ഥ വെല്ലുവിളികൾക്കിടയിലും അഖിൽ സാം പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹവും അർപ്പണബോധവും യു.എസ്.ടി.യുടെ അടിസ്ഥാന മൂല്യങ്ങളെയും ഞങ്ങളുടെ സി.എസ്.ആർ പദ്ധതിയുടെ ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.”

യു.എസ്.ടി. ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

കായികരംഗത്തെ ശാരീരിക തടസ്സങ്ങൾ കുറച്ച് പരിശീലനത്തിലും മത്സരങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഖിലിന് സാധിക്കണമെന്നാണ് യു.എസ്.ടി.യുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അഖിൽ ഇതിനകം നേടിയ നേട്ടങ്ങൾ കൂടുതൽ വിപുലീകരിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഈ പിന്തുണ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്.ടി. പ്രതിനിധികൾ പങ്കെടുത്തു

ചടങ്ങിൽ യു.എസ്.ടി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു, ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ, സി.എസ്.ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ നിപുൺ വർമ്മ, സി.എസ്.ആർ ലീഡ് വിനീത് മോഹനൻ, സി.എസ്.ആർ അംബാസഡർ നന്ദ് സുന്ദരം എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സക്ഷമ കേരളം പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. രഘുനാഥൻ നായർ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ആർ, സക്ഷം ഉത്സവ് സെക്രട്ടറി ജനറൽ ഡോ. എസ്. സുനിൽ കുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ.ആർ. മനോജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേസ് അന്വേഷിക്കാൻ കേരള പൊലീസിനെ ഇനി AI സഹായിക്കും Kochiയിൽ AI-powered Cyber Investigation; HAC'KP 2026-ന് തുടക്കം




Follow us on :

More in Related News