Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഭാഗീയതക്കു കാരണം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തർക്കം- സിപിഐഎം നേതാവ് സികെപി പത്മനാഭൻ

28 Jul 2024 09:15 IST

Enlight Media

Share News :

തന്നെ വീണ്ടും രോഗിയാക്കിയത് പാർട്ടിയാണെന്നും വീണ്ടും നടപടിയെടുത്താലും പ്രശ്‌നമില്ലെന്നും സി.കെ.പി. പദ്മനാഭൻ

കണ്ണൂർ: തന്നെ വീണ്ടും രോഗിയാക്കിയത് പാർട്ടിയാണെന്നും വീണ്ടും നടപടിയെടുത്താലും പ്രശ്‌നമില്ലെന്നും സി.പി.എം. നേതാവ് സി.കെ.പി. പദ്മനാഭൻ. കർഷകസംഘം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് സാമ്പത്തിക തിരിമറി ആരോപണത്തിന്റെ പേരിൽ 15 വർഷം മുൻപ്‌ സി.കെ.പി.യെ നീക്കിയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട അദ്ദേഹം ഇപ്പോൾ സി.പി.എം. മാടായി ഏരിയാ കമ്മിറ്റി അംഗമാണ്. കുറച്ചുകാലമായി ഡയാലിസിസിന് വിധേയനായി വീട്ടിൽ കഴിയുകയാണ്.

“അന്ന് ഞാൻ ശരിയുടെ പക്ഷത്തുനിന്നതിന്റെ പേരിൽ പ്രതികാരനടപടിയെടുത്തതാണ്. ശ്രദ്ധക്കുറവിന് എവിടെയെങ്കിലും പാർട്ടി നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രകാശ് കാരാട്ടിനോട് നേരിട്ട് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ച് ചോദിച്ചിട്ടുണ്ട്. ക്ഷമിക്ക് എന്ന മറുപടിയാണ് കാരാട്ട് നൽകിയത്. ഇതുവരെ പാർട്ടി നടപടി രേഖാമൂലം തന്നിട്ടില്ല. അപ്പീലിനും തന്റെ കമ്മിറ്റിയിലും മറുപടി തന്നിട്ടില്ല’’- സ്വകാര്യ ചാനൽ അഭിമുഖത്തിൽ പദ്മനാഭൻ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്തുപോകാൻ താത്‌പര്യമില്ലാത്തതിനാലാണ് ഇതുവരെ ഇക്കാര്യങ്ങൾ പരസ്യമായി പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ കർഷകസംഘം സെക്രട്ടറിയായിരിക്കെ സ്വന്തം പേരിൽ പണം നിക്ഷേപിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരത്തെ സ്ഥാപനത്തിൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചതാണ്. പിന്നീട് ഭാരവാഹികളായി വന്ന ഇ.പി. ജയരാജനും കെ.വി. രാമകൃഷ്ണനുമാണ് അത് പിൻവലിച്ചത്. എന്റെ പേരിലായിരുന്നു നിക്ഷേപമെങ്കിൽ അത് അവർക്ക് പിൻവലിക്കാനാകില്ലായിരുന്നു. അന്നത്തെ ഓഫീസ് സെക്രട്ടറി നാലുലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതെല്ലാം വ്യക്തിപരമായി മുൻപ്‌ പലരോടും പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ സീറ്റ് പിറകിലാണ്. സത്യം തെളിയാൻ താമസമെടുക്കുമെന്ന് ഞാൻ ഒരു യോഗത്തിൽ പറഞ്ഞിരുന്നു. ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും. പിന്നിൽനിന്ന് പ്രവർത്തിച്ചവർക്കെതിരേ പ്രകൃതി ശിക്ഷ നൽകും. അത് നൽകിക്കൊണ്ടിരിക്കുകയാണ്. അതിൽ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു.

പി. ശശിയുമായി ബന്ധപ്പെട്ട് അന്ന് ഉയർന്ന പരാതി തള്ളിക്കളയാവുന്നതല്ല. ടി.പി. ചന്ദ്രശേഖരൻ വധം ആർ.എം.പി.യെ നിലനിർത്തുന്നതിലേക്ക് വഴിവെച്ചു. പാർട്ടിയിൽ കടുത്ത വിഭാഗീതയുണ്ടായിരുന്നതിന് പിന്നിൽ അധികാരത്തർക്കമായിരുന്നു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു അത്. ജനങ്ങൾ ഇത്രമാത്രം വെറുക്കുന്ന രൂപത്തിൽ പാർട്ടി എങ്ങനെയെത്തി എന്ന് പരിശോധിക്കണം. ഓരോ ബൂത്തിലും 100-ഉം 160-ഉം വോട്ടുകൾ ചോർന്നിട്ടുണ്ട്. ബഹുജനബന്ധത്തിന്റെ കുറവാണ് ഇതിനുപിന്നിലെന്ന പാർട്ടി വിലയിരുത്തൽ ശരിയല്ല. പാർട്ടിപ്രവർത്തകർ വോട്ടർമാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരുടെ മനസ്സ് കാണാനായിട്ടില്ല.

പണ്ടും തെറ്റുകളുണ്ട്. ഇപ്പോൾ അത് മുഴച്ചുനില്ക്കുന്നു. ജനങ്ങൾ അത് തിരുത്താൻ ശ്രമിച്ചതാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ടത്. നവകേരളസദസ്സിൽ ആളുകൂടിയത് ഭരണസംവിധാനം ഉപയോഗിച്ചതുകൊണ്ടാണ്. പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരേയുണ്ടായ അക്രമം പാർട്ടി പ്രവർത്തകർ ഉൾക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണവും വിശ്വാസത്തിലെടുത്തില്ല-അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News