Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ഥാനാർഥി നിർണ്ണയത്തിൽ അവഗണന ആരോപണം — കുന്ദമംഗലത്ത് ദളിത് ലീഗ് നേതാവ് രാജിവെച്ചു

14 Nov 2025 23:31 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ തനിക്കെതിരായ അവഗണന ആരോപിച്ച് ദളിത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് കൃഷ്ണൻകുട്ടി രാജി സമർപ്പിച്ചു. പാർട്ടി ആഭ്യന്തര ക്രമക്കേടുകളോടും സീറ്റ് വിഭജനത്തിലെ അനീതിയോടുമുള്ള പ്രതിഷേധമായാണ് രാജിയെന്ന് കൃഷ്ണൻകുട്ടി വ്യക്തമാക്കി.


എസ്.സി സംവരണ സീറ്റായ ഒന്നാം വാർഡിൽ ഇത്തവണ തന്നെ മൽസരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണൻകുട്ടി. എന്നാൽ ലീഗ് ഈ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതോടെ പാർട്ടി, ലീഗിന് ലഭിച്ച എസ്.സി വനിത സംവരണ സീറ്റിൽ ഭാര്യ വി.എം. ജയശ്രീയെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനായി കഴിഞ്ഞ പതിനഞ്ച് ദിവസമായി രേഖകൾ ഒരുക്കുകയും ബാങ്ക് ബാധ്യതകൾ തീർക്കുകയും ജയശ്രീ ജോലി രാജിവെക്കുകയും ചെയ്തിരുന്നു.


എന്നാൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ തന്നെ വഞ്ചിച്ച് പതിനാറാം വാർഡിൽ മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പാർട്ടിയോടുള്ള വിശ്വാസം തകർന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.


കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന അദ്ദേഹം എട്ടുവർഷം മുമ്പാണ് ദളിത് ലീഗിൽ ചേർന്നത്. ഇത്തവണ ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

Follow us on :

More in Related News