Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂള്‍ പ്രവേശനോത്സവം: പഠനം ആനന്ദകരമാക്കാന്‍ സ്കൂളുകള്‍ പരിശ്രമിക്കണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

01 Jun 2026 20:42 IST

CN Remya

Share News :

കോട്ടയം: പുതിയൊരു അധ്യയന വർഷത്തിന് തുടക്കമായി. കോട്ടയത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളെ മധുരവും പൂക്കളും നൽകിയാണ് സ്പീക്കര്‍ സ്വീകരിച്ചത്. കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കോട്ടയം ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കാന്‍ സ്കൂളുകള്‍ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കേരളത്തിന്‍റെ ഭാവി നിര്‍ണയിക്കേണ്ടവരാണ് ഇന്നത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍. അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പ്രവേശനോത്സവം. നല്ല അന്തരീക്ഷത്തില്‍ അവര്‍ വളരുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസവകുപ്പുമന്ത്രി എന്‍. ഷംസുദ്ദീന്‍ ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാ അധ്യക്ഷന്‍ എം. പി. സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. വൈശാഖ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ഡി.ഇ.ഒ എം. ആര്‍ സുനിമോള്‍, എസ്.എസ്.കെ ജില്ലാ പ്രജക്ട് കോ ഓര്‍ഡിനേറ്റര്‍ ധന്യ പി. വാസു, എ.ഇ.ഒ അനില്‍ കെ. തോമസ്, ഫാ. ബ്രിജിത്ത് കെ. ബേബി, ഡോ. ജേക്കബ് ജോണ്‍, ഡാനിഷ് പി. ജോണ്‍, മധുമോഹന്‍, പി.ടി.എ പ്രസിഡന്‍റ് അനുജ പ്രശാന്ത്,അനീറ്റ മറിയം സിജി എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News