Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ! വാഴയ്ക്കൻ 'ഔട്ട് '; ജോസഫ് വാഴയ്ക്കന് സീറ്റില്ല; ദുഃഖവും ധനനഷ്ടവും മാത്രം

20 Mar 2026 18:33 IST

CN Remya

Share News :

കോട്ടയം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയ ജോസഫ് വാഴയ്ക്കന് പ്രഖ്യാപനം വന്നപ്പോൾ സീറ്റില്ല. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കാൻ തയ്യാറെടുപ്പുകൾ എല്ലാം നടത്തിയെങ്കിലും പ്രഖ്യാപനം വന്നപ്പോൾ സ്ഥാനാർത്ഥി ആയത് നാട്ടകം സുരേഷ്. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിൽ ഒന്നരലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് ബോർഡും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയിരുന്നു. നല്ല തുക ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും തയ്യാറാക്കിയത്. 

സീറ്റ് ലഭിക്കാത്തതിൽ ഉള്ള മാനസിക ബുദ്ധിമുട്ട് വാഴയ്ക്കൻ നേതൃത്വത്തോട് പ്രകടിപ്പിച്ചു. എന്നാൽ അത് പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല തൻ്റേതെന്നും ജോസഫ് വാഴയ്ക്കൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനങ്ങൾ നേതൃത്വം നൽകിയിരുന്നതിനാൽ അതിൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതെന്നാണ് വാഴയ്ക്കൻ പറയുന്നത്. 


 ജോസഫ് വാഴയ്ക്കൻ്റെ ഫേസ്ബുക്ക് പോസ്റ്റ്


"വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാർത്തകളിൽ എന്റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്. ജോസഫ് വാഴയ്ക്കൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്നാണ് വാർത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ എന്റെ പേരിനൊപ്പം പറയുന്ന കോൺഗ്രസ്‌ എന്നതാണ് എന്റെ ഐഡന്റിറ്റി. ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവർത്തകനിൽ നിന്ന് കെ എസ് യൂവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ്‌ നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ എനിക്ക് നൽകിയതും അതിലൂടെ എനിക്ക് മേൽവിലാസം ഉണ്ടാക്കി തന്നതും എന്റെ കോൺഗ്രസ്‌ പാർട്ടിയാണ്. ഞാൻ പറഞ്ഞിട്ടുള്ളത് പോലെ ഈ പാർട്ടി എനിക്ക് എന്റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സ്ഥാനം തൊട്ട് കേരളത്തിന്റെ നിയമസഭയിൽ പ്രവർത്തിക്കാൻ അവസരം തന്നതും പാർട്ടിയാണ്. ഇന്ന് കേരളത്തിൽ കോൺഗ്രസിന്റെ മുഖമായി നിൽക്കുന്ന നേതാക്കളോടൊപ്പം ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ചോരയും നീരും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വമാണ് എന്നോട് ആവശ്യപെട്ടത്. ആ വാക്ക് അനുസരിച്ചു ഏറ്റുമാനൂരിൽ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്ന് പ്രവർത്തനം മുന്നോട്ട് പോയിരുന്നു. സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെ തുടർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. കാരണം ഇലക്ഷന് വളരെ കുറച്ചു ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ്. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ അത് പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല. പിണറായി ഭരണത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ നാം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണ്. എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാട്. യൂ ഡി എഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ഏറ്റുമാനൂരിൽ ജനവിധി തേടുന്ന പ്രിയപ്പെട്ട അനിയൻ നാട്ടകം സുരേഷിന് ആശംസകൾ നേരുന്നു. ശബരിമല കൊള്ളയടക്കം തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ മന്ത്രിയെ ഇവിടെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ ആവശ്യമാണ്‌. അതിനായുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ. 

ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസിന്റെ പതാക പിടിച്ചാണ്. അവസാനവും കൈയിൽ ഒരു പതാക മാത്രമേ കാണു. അത് കോൺഗ്രസിന്റെ മൂവർണ്ണ കൊടി തന്നെയായിരിക്കും".

Follow us on :

More in Related News