Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 11:16 IST
Share News :
കോട്ടയം: എംജി സർവകലാശാലയിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. പഠനബോർഡ് പുനസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് എം.ജി സർവകലാശാല വൈസ് ചാൻസലർ തള്ളി. ചാൻസലറായ ഗവർണർ നടത്തിയ പഠന ബോർഡ് പുനംസംഘടന അംഗീകരിച്ച് വൈസ് ചാൻസലർ ഉത്തരവിറക്കി. നടപടി സർവകലാശാല നിയമവും ചട്ടങ്ങളും അനുസരിച്ചാണെന്നും സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമപരമായ പിന്തുണ ഇല്ലെന്നും പറയുന്നു. സർവകലാശാലയിലെ പി.ജി, യു.ജി. വിഭാഗങ്ങളിൽ 54 പഠനബോർഡുകളാണ് ഗവർണർ പുനസംഘടിപ്പിച്ചത്. ചാൻസലർ അംഗങ്ങളെയും ചെയർപേഴ്സൻമാരെയും നാമനിർദേശം ചെയ്യുകയും സിൻഡിക്കേറ്റ് അംഗീകരിക്കുകയുമാണ് പഠനബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‍റെ കീഴ് വഴക്കം. എന്നാൽ ചാൻസലർക്ക് സർവകലാശാല വകുപ്പുകളെ കുറിച്ചോ വിദഗ്ധരെ കുറിച്ചോ അറിവില്ലാത്തിനാൽ സിൻഡിക്കേറ്റും വി.സിയും ചേർന്ന് അനൗദ്യോഗിക പട്ടിക നൽകാറുണ്ട്. ഇത്തവണ ഇത്തരത്തിൽ പട്ടിക നൽകിയിരുന്നു. എന്നാൽ ഈ പട്ടികയിലെ പേരുകൾ ഒഴിവാക്കി ചാൻസലർ താൽപ്പര്യക്കാരെ നിർദേശിച്ചെന്നായിരുന്നു സിൻഡിക്കേറ്റിന്‍റെ ആക്ഷേപം.
സർവകലാശാല വകുപ്പുകളിലെയോ കോളജുകളിലെയോ വകുപ്പ് മേധാവികളാണ് ബോർഡ് ചെയർപേഴ്സൻമാരാകാറുള്ളത്. ആ ചട്ടം ലംഘിച്ചു. പി.എച്ച്.ഡി. ഇല്ലാത്ത അംഗം ചെയർപേഴ്സൻ ആയിരിക്കെ പി.എച്ച്.ഡി. ഉള്ള ആൾ വെറും അംഗം മാത്രമായി. ജിയോളജി അടക്കം ചില ബോർഡുകളിൽ എം.ജി. സർവകലാശാലയിലെ അധ്യാപകരേ ഇല്ല. ഹിസ്റ്ററി, മാത്സ്, ഹോംസയൻസ് ബോർഡുകളിൽ വകുപ്പ് മേധാവിമാർ അല്ലാത്തവരാണ് ചെയർപേഴ്സൻമാർ. ചില ബോർഡുകളിൽ സ്വാശ്രയകോളജ് അധ്യാപകർ മാത്രം. സ്വാശ്രയ കോളജ് അധ്യാപകർ ബോർഡുകളിൽ വരുന്നത് സിലബസിനെയും പഠനനിലവാരത്തെയും ബാധിക്കുമെന്നും സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിൻഡിക്കേറ്റ് പട്ടിക തിരിച്ചയച്ചത്. എന്നാൽ പട്ടിക നിശ്ചയിച്ചതിൽ ചട്ടലംഘനമില്ലെന്ന് നിരീക്ഷിച്ച സിൻഡിക്കേറ്റ് പട്ടിക തിരിച്ചയച്ച നടപടി റദ്ദാക്കിയുമാണ് വൈസ് ചാൻസലറുടെ ഉത്തരവ്.
Follow us on :
More in Related News
Please select your location.