Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിസ്ഥാന സൗകര്യ വികസനം - സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ ഉദ്ഘാടനം നടത്തപ്പെട്ടു

08 Jun 2026 20:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതികളുടെ ഉദ്ഘാടനം കേരള നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പരിഗണിക്കപ്പെടേണ്ട വിഭാഗങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മുന്‍പോട്ട് പോകുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമീപനം മാതൃകാപരമാണെന്നും സമസ്ത മേഖലകളേയും കോര്‍ത്തിണക്കികൊണ്ടുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരായ ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും വരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുവാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോന്‍ കരീമഠം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടോമി കുരുവിള, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ് നിര്‍മ്മാണം, കോഴി വളര്‍ത്തല്‍ പദ്ധതി, തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

Follow us on :

More in Related News