Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂരിൽ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു ; ഗുരുവായൂരപ്പനെ കണ്ടുതൊഴാൻ ഇനി ബുക്ക് ചെയ്ത് എത്താം, ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രവേശനം

04 Aug 2026 21:52 IST

Jithu Vijay

Share News :

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനി വെർച്വല്‍ ക്യൂ വഴി ദർശനം നടത്താം. ഭക്തർക്ക് സുഖ ദർശനത്തിനായി ഒരുക്കിയ വെർച്വല്‍ ക്യൂ സംവിധാനം ഇന്നുമുതല്‍ ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ എട്ടുവരെയുള്ള ആദ്യ ഘട്ടത്തില്‍ നിരവധി ഭക്തർ വെർച്വല്‍ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി.


രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയില്‍ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് നാട മുറിച്ച്‌ വെർച്വല്‍ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തിരിച്ചറിയല്‍ രേഖാ പരിശോധനയ്ക്ക് ശേഷം കെ രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വല്‍ ക്യൂ ദർശനം നേടിയത്.


പരീക്ഷണടിസ്ഥാനത്തില്‍ തുടങ്ങിയ വെർച്വല്‍ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വല്‍ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയല്‍ രേഖ തന്നെ കയ്യില്‍ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നല്‍കാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകിട്ട് നാലുമുതല്‍ അഞ്ചുവരെയുമാണ് വെർച്വല്‍ ക്യൂ വഴിയുള്ള ദർശനം. കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വല്‍ ക്യൂ വഴി ദർശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും. ദർശനത്തിനെത്തുന്ന ഭക്തർ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. സെപ്റ്റംബറിലെ വെർച്വല്‍ ക്യൂ ദർശനത്തിനായുള്ള ബുക്കിങ്ങ് വൈകാതെ ആരംഭിക്കും. https://guruvayurdevaswom.in എന്ന വെബ്സൈറ്റിലൂടെ ബുക്കിങ് നടത്താം.

Follow us on :

More in Related News