Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 13:21 IST
Share News :
കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസത്തിൽ അക്കാദമിക പഠനത്തിനൊപ്പം കായിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ
ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വലിയ ജനസംഖ്യയുള്ള രാജ്യമായിട്ടും ദേശീയ-അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിക്കുന്ന കായികതാരങ്ങളുടെ എണ്ണം താരതമ്യേന കുറവാണെന്നും, സ്കൂൾതലത്തിൽ തന്നെ കായികരംഗത്തെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്നും കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ചില സ്കൂളുകളിൽ കായിക പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഹയർ സെക്കൻഡറിക്ക് ശേഷം തുടർച്ചയായ അവസരങ്ങളും പിന്തുണയും കുറയുന്നതായി യോഗം വിലയിരുത്തി. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കായികപ്രതിഭകൾക്ക് ആവശ്യമായ പ്രോത്സാഹനവും സൗകര്യങ്ങളും ലഭിക്കാത്തത് ആശങ്കാജനകമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കായിക പ്രതിഭകളെ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് മികച്ച പരിശീലനവും വികസനത്തിനുള്ള അവസരങ്ങളും നൽകണമെന്നും വിവിധ ഇനങ്ങളിലുള്ള കായിക മത്സരങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. കായിക പ്രവർത്തനങ്ങൾ കുട്ടികളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ആത്മവിശ്വാസം, നേതൃത്വപാടവം, തീരുമാനമെടുക്കാനുള്ള കഴിവ്, ടീം വർക്ക് എന്നിവ വളർത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നുവെന്നും യോഗം വിലയിരുത്തി.
സ്കൂളുകളിൽ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് യോഗ്യരായ ശാരീരിക വിദ്യാഭ്യാസ അധ്യാപകരെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി ചർച്ച ചെയ്തു. വിദ്യാഭ്യാസ സംവിധാനത്തിൽ കായികത്തിന് അക്കാദമിക പഠനത്തിനൊപ്പമുള്ള പ്രാധാന്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.
റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ
പങ്കെടുത്തു.
Follow us on :
More in Related News
Please select your location.