Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2026 19:48 IST
Share News :
കോട്ടയം: കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. കോട്ടയം കുമളി ദേശീയപാതയിൽ 13-ാം മൈലിൽവച്ചാണ് ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടർ കോട്ടയം - കട്ടപ്പന റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (23) എന്നിവരാണ് മരിച്ചത്.
സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നുവെന്നാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. റോഡിനോട് ചേർന്ന് സംസാരിച്ചുനിന്നിരുന്ന വഴിയാത്രക്കാരെ ഇടിക്കാതിരിക്കാൻ യുവതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് തൊട്ട്മുമ്പേ പോയ കാർ ബ്രേക്ക് ചെയ്തു. തുടർന്ന് യുവതികൾ സഞ്ചരിച്ച സ്‌കൂട്ടറും പെട്ടന്ന് മുന്നിലിടിക്കാതിരിക്കാൻ വെട്ടിച്ചു. നിയന്ത്രണം തെറ്റിയ സ്കൂട്ടർ എതിർ ദിശയിൽ വരുകയായിരുന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ പൊൻകുന്നം ഭാഗത്തേക്കും പോകുകയായിരുന്നു.
ഓസ്ട്രേലിയയിൽ എംഎസ് ഡബ്ല്യു പഠനം പൂർത്തീകരിച്ച ശേഷം മാർച്ചിൽ നടക്കുന്ന ഗ്രാജുവേഷൻ്റെ ഇടവേളയിൽ നാട്ടിലെത്തിയതായിരുന്നു കൃപ. ആഷ്‌ലി ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. ACCA, ഐഇഎൽടിഎസ് പരീക്ഷയും വിജയിച്ച ശേഷമാണ് അവധിക്കായി ആഷ്‌ലിയും വീട്ടിലെത്തിയത്. ഇരുവരും സ്കൂളിൽ സഹപാഠികൾ ആയിരുന്നു. നാട്ടിലെത്തുമ്പോൾ ഒന്നിച്ച് പോകാറുണ്ടായിരുന്നു.
കൃപയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം വ്യാഴാഴ്ച രാവിലെ പാമ്പാടി പൊത്തൻപുറത്തെ വീട്ടിലെത്തിക്കും. തുടർന്ന് കടവുംഭാഗം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ജോസഫ് ബാവയുടെ പ്രധാന കാർമികത്വത്തിൽ നടക്കും. ആഷ്ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടതിനുശേഷം മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
Follow us on :
Tags:
More in Related News
Please select your location.