Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 23:41 IST
Share News :
മസ്കറ്റ്: നീറ്റ് പരീക്ഷ റദ്ദാക്കൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് തിരിച്ചടി. ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് യു.ജി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തി. മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്തി പരീക്ഷയെഴുതിയ വിദ്യാർഥികൾ ഇപ്പോൾ അനിശ്ചിതത്വത്തിലായെന്നാണ് രക്ഷിതാക്കളുടെ വിമർശനം.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് പരീക്ഷയെഴുതിയ നിരവധി വിദ്യാർഥികൾ ഇതിനകം ഉയർന്ന പഠന പ്രതീക്ഷകളോടെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പുതിയ പരീക്ഷ തീയതി പ്രഖ്യാപിക്കപ്പെടുന്നതോടെ ഇവർ വീണ്ടും പരീക്ഷാകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. നാട്ടിൽ പരീക്ഷയെഴുതി പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്കും പുനഃപരീക്ഷക്കായി വീണ്ടും ഇന്ത്യയിലേക്ക് പോകേണ്ടിവരും. അതിനാൽ വിദ്യാർഥികൾ നിലവിൽ താമസിക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വേനലവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ആവർത്തിച്ചുള്ള യാത്രകൾ പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ക്രമക്കേടുകളെത്തുടർന്നുള്ള റദ്ദാക്കൽ നടപടി വിദ്യാർഥികളുടെ മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് ആക്ഷേപം. പുനഃപരീക്ഷയും ഫലപ്രഖ്യാപനവും വൈകുന്നതോടെ മെഡിക്കൽ പ്രവേശന നടപടികളും നീളുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
പുനഃപരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യാത്രാചെലവിന്റെ ഭാരമാർ വഹിക്കുമെന്ന ചോദ്യമാണ് പ്രവാസി കുടുംബങ്ങൾ ഉയർത്തുന്നത്. ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്നും, പുതിയ തീയതികൾ എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
ഈ മാസം മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. ഒമാനിൽ മസ്കത്തിലെ ഇന്ത്യൻ സ്കൂളാണ് പരീക്ഷാകേന്ദ്രമായിരുന്നത്. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 300-ലേറെ വിദ്യാർഥികൾ പരീക്ഷയെഴുതി. ഇന്ത്യയിലെയും വിദേശത്തെയും 14 കേന്ദ്രങ്ങളിലായി ഏകദേശം 22.79 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയിൽ പങ്കെടുത്തത്.
2022 ജൂലൈ 17-നാണ് ഒമാനിൽ ആദ്യമായി നീറ്റ് പരീക്ഷ നടത്തിയത്. അതിന് മുമ്പ് വിദ്യാർഥികൾ ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ യാത്ര ചെയ്യേണ്ടിവന്നിരുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ദീർഘകാല ആവശ്യത്തെ ത്തുടർന്നാണ് മസ്കറ്റിൽ പരീക്ഷാകേന്ദ്രം അനുവദിച്ചത്.
അതേസമയം, 2024 തുടക്കത്തിൽ ഒമാൻ ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങൾ എൻ.ടി.എ റദ്ദാക്കിയ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്ന് തീരുമാനം പിൻവലിച്ച് മസ്കറ്റ് ഉൾപ്പെടെയുള്ള 14 വിദേശ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.