Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 00:44 IST
Share News :
കോഴിക്കോട് - നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്ഥാനം രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മണ്ഡല പുനർനിർണയത്തിൽ നടക്കാവ് വാർഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെട്ട മാവൂർ റോഡ് വാർഡിൽ ആം ആദ്മി സ്ഥാനാർഥിയായി മൽസരിക്കാനാണ് തീരുമാനം.
പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ കയറിയാണ് അൽഫോൺസ നാടകീയമായി രാജിക്കത്ത് നൽകിയത്. മുൻ മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വേദിയിൽ സംസാരിക്കുകയായിരുന്നു . കോർപറേഷനിൽ രാവിലെ പത്തുമണിയോടെ എത്തിയെങ്കിലും കോർപറേഷൻ സെക്രട്ടറി ലീവിൽ ആയതിനാൽ രാജി സമർപ്പിക്കാൻ ആയില്ലെന്നും അതിനാലാണ് മേയർ പങ്കെടുത്ത വേദിയിൽ എത്തി രാജി നൽകിയതെന്നും അൽഫോൺസ പ്രതികരിച്ചു. വേദിയിൽ ഉണ്ടായിരുന്ന കോർപറേഷൻ ഡപ്യൂട്ടി സെക്രട്ടറിക്ക് കത്തിന്റെ പകർപ്പ് നൽകാൻ പറഞ്ഞതു പ്രകാരം അതും കൈമാറിയെന്ന് അവർ വ്യക്തമാക്കി. ചെറുപുഞ്ചിരിയോടെയാണ് മേയർ ബീന ഫിലിപ് കൗൺസിലറുടെ രാജിക്കത്ത് വായിച്ചത്.
കോഴിക്കോട് പല വാർഡുകളിലും ഇത്തരത്തിൽ ആം ആദ്മിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തുമെന്നും തൃശൂരിലും എറണാകുളത്തുമെല്ലാം ഇത്തരത്തിൽ ട്വിസ്റ്റ് സംഭവിക്കുമെന്നും അൽഫോൺസയെ സ്വീകരിച്ച ശേഷം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ വിനോദ് മാത്യു വിൽസൺ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയുടെ ‘ഓപ്പറേഷൻ ചൂലി’നാണ് ഇതിലൂടെ തുടക്കം ഇടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ചാലപ്പുറം സീറ്റ് സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.അയൂബ് ഉൾപ്പെടെ മണ്ഡലം, ബൂത്ത് ചുമതലയിലുള്ള 12 ഭാരവാഹികൾ രാജിക്കൊരുങ്ങി. സ്ഥാനാർഥികൾക്ക് സീറ്റ് നൽകാത്തതിലല്ല, കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ഘടകകക്ഷിക്ക് നൽകിയതിലാണ് പ്രതിഷേധമെന്നാണ് സീറ്റു ചർച്ചകൾക്കായി രാവിലെ ഡിസിസി ഓഫിസിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയെയും മറ്റും കണ്ട ശേഷം അയൂബിന്റെ പ്രതികരണം. തിങ്കളാഴ്ച രാത്രിയോടെ ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ രാജി ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് ഇവർ പറഞ്ഞു.
കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം, നടുവട്ടം വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളായി സിഎംപിയുടെ വി.സജീവിനെയും കെ.വി.പ്രജീഷിനെയും സിഎംപി ജില്ലാ കൗൺസിലും രാവിലെ പ്രഖ്യാപിച്ചു. സിഎംപിയുടെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന വാർഡ് കൂടിയാണ് ചാലപ്പുറം. സിഎംപിക്ക് വാർഡ് നൽകിയതിനെതിരെ ഇവിടെ നേരത്തേ ഫ്ലെക്സ് ബോർഡുകളും മറ്റും ഉയർന്നിരുന്നു. കോൺഗ്രസ് – 49, മുസ്‌ലിം ലീഗ് – 25, സിഎംപി – രണ്ട് എന്നിങ്ങനെ മൊത്തം 76 സീറ്റ് ഭാഗം വച്ചാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കാൻ ധാരണയായത്.
Follow us on :
Tags:
More in Related News
Please select your location.