Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 20:50 IST
Share News :
കോഴിക്കോട് : കോഴിക്കോടിന്റെ തനത് സംസ്കാരവും നാടൻ ജീവിതവും ആഘോഷമാക്കിയ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ നിസാർ ഇൽത്തുമിഷ് രചിച്ച പുതിയ പുസ്തകം 'കലക്ക സമാവാത്തി' പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകുന്നേരം കോഴിക്കോട് ഗുദാം ആർട്ട് ഗാലറിയിൽ “കോഴിക്കോടിന്റെ നേരും നുണയും: ഒരു ബഡാ ബഡായി സദസ്സ്” എന്ന വേറിട്ട പേരിലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.
ബഹു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബഷീർ ബഡായക്കണ്ടിക്ക് പകരം അദ്ദേഹത്തിന്റെ മകൻ ജാസിം ബഷീർ എം.എൽ.എയിൽ നിന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകത്തെയും സാഹിത്യ പാരമ്പര്യത്തെയും കുറിച്ച് എം.എൽ.എ അഡ്വ. ഫൈസൽ ബാബു ചടങ്ങിൽ വാചാലനായി. "കോഴിക്കോട് എന്നത് കേവലമൊരു നഗരമല്ല, അതൊരു വികാരമാണ്. പലതരം വിശ്വാസങ്ങളും സമ്മിശ്ര സംസ്കാരവും ഇഴചേർന്ന ഈ നഗരത്തിന്റെ ജീവസ്പന്ദനങ്ങളാണ് നിസാർ ഇൽത്തുമിഷ് തന്റെ തൂലികയിലൂടെ വരച്ചുകാട്ടുന്നത്. ഇത്തരം ഫിക്ഷണൽ രചനകളിലൂടെ കോഴിക്കോടിന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയും, അതുവഴി വിലപ്പെട്ട ഒരു സാംസ്കാരിക ഡോക്യുമെന്റേഷനാണ് (Cultural Documentation) ഇവിടെ സാധ്യമായിരിക്കുന്നത്. ചരിത്രത്തെയും നാട്ടുബോധത്തെയും, പഴയ ഭാഷയെയും വരുംതലമുറയ്ക്കായി നിലനിർത്താൻ ഇത്തരം പ്രയത്നങ്ങൾ അനിവാര്യമാണ്," എന്ന് വ്യക്തമാക്കിയ എം.എൽ.എ, ഇതിനായി വലിയ പ്രയത്നം നടത്തിയ എഴുത്തുകാരൻ നിസാറിന് എല്ലാവിധ ഭാവുകങ്ങളും അർപ്പിച്ചു.
നൂറുൽ മുനീർ പൂർണാനന്ദ, അഗർത്ത, ദായമ്മക്കയി തുടങ്ങിയ ശ്രദ്ധേയമായ കൃതികളിലൂടെ വായനക്കാർക്ക് സുപരിചിതനായ നിസാർ ഇൽത്തുമിഷ് പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.
ചലച്ചിത്ര-പരസ്യ സംവിധായകൻ ഷമീർ നാസർ, പ്രമുഖ സാമൂഹിക പ്രവർത്തക ബ്രസീലിയ ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗുദാം ആന്റിക്സ് & ആർട്ട് കഫേയും സാംസ്കാരിക പൈതൃക സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സിറ്റി ഹെറിറ്റേജും സംയുക്തമായാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും വായനക്കാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ്, സജീവമായ ചർച്ചകളും സംവാദങ്ങളുമായി അക്ഷരാർത്ഥത്തിൽ ഒരു 'ബഡാ ബഡായി സദസ്സായി' മാറി. സിറ്റി ഹെറിറ്റേജ് ഡയറക്ടർ മുഹമ്മദ് ശിഹാദ് സ്വാഗതവും, ഗുദ്ദാം ആർട്ട് കഫേ മാനേജിംഗ് പാർട്ണർ അൻഷാദ് ഗുരുവായൂർ നന്ദിയും പറഞ്ഞു.
Follow us on :
Please select your location.