Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2026 22:28 IST
Share News :
ചാവക്കാട്:കനോലി കനാൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് എടുത്ത മണ്ണ് സ്വകാര്യ വ്യക്‌തികളുടെ പറമ്പിൽ തള്ളി ഒരു വർഷമായിട്ടും നീക്കം ചെയ്യാതെ ഇറിഗേഷൻ വകുപ്പിൻ്റെ അനാസ്‌ഥ.തെങ്ങുകളും,പ്ലാവ്,മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും ഉൾപ്പെടെ വ്യാപക നാശം.ഭൂവുടമകളും കൃഷിക്കാരും പരാതിയുമായി രംഗത്ത്.ചാവക്കാട് നഗരസഭ അതിർത്തിയിലെ കനോലി കനാലിൽ നിന്നെടുത്ത മണ്ണ് കനാലിന്റെ ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്‌തികളുടെ പറമ്പിൽ നിക്ഷേപിക്കുകയായിരുന്നു.എന്നാൽ വർഷം പിന്നിട്ടിട്ടും മണൽ ഇവിടെ നിന്ന് നീക്കം ചെയ്യാത്തതിനാൽ ഒട്ടേറെ ഭൂവുടമകളാണ് പരാതിയുമായെത്തിയത്.ഉടമകളോട് ചോദിക്കാതെയാണ് പറമ്പിൽ മണൽ നിക്ഷേപിച്ചത്.പറമ്പിലുള്ള തെങ്ങുകൾ വാടിക്കരിഞ്ഞും ഔഷധച്ചെടികൾ,ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചതായും ഭൂവുടമകളിൽ ഒരാളായ ഡോ.പി.വി.മധുസുദനൻ പറഞ്ഞു.കയറ്റിയിട്ട മണൽ ദിവസങ്ങൾക്കുള്ളിൽ മാറ്റേണ്ടതായിരുന്നു.എന്നാൽ വർഷം പിന്നിട്ടിട്ടും ഇവ മാറ്റുന്നതിൽ ഇറിഗേഷൻ വകുപ്പിൻ്റെ അലംഭാവമാണ് കാരണമെന്ന് ആക്ഷേപമുണ്ട്.കയറ്റിയിട്ട മണൽ പലയിടത്തും കഴിഞ്ഞ മഴക്കാലത്ത് കനോലി കനാലിലേക്ക് ഒലിച്ചിറങ്ങിയതായും പറയുന്നു.കനോലി കനാലിൻ്റെ തീരത്തുള്ള ഒരു വീടിൻ്റെ പറമ്പിലേക്ക് മണൽ ജെസിബി ഉപയോഗിച്ച് കയറ്റി ഇട്ടതുമൂലം ഇവ വീട്ടുകാരുടെ അടുക്കളഭാഗം തന്നെ മൂടിയ നിലയിലായിരുന്നു.എന്നാൽ ഇറിഗേഷൻ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്ന് പറയുന്നു.കനോലി കനാലിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ നിക്ഷേപിക്കാൻ നഗരസഭയിൽ യാർഡ് ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് അനുവാദം ഇല്ലാതെ മണൽ നിക്ഷേപിച്ചത്.ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കനോലി കനാലിൻ്റെ തീരത്ത് കഴിയുന്ന ഭൂവുടമകൾക്ക് സംഭവിച്ചിട്ടുള്ളത്.മണ്ണ് നീക്കം ചെയ്യാനുള്ള നിയമപരമായ നടപടികൾ എടുത്തുവരികയാണെന്ന് എഇഇ സീത അറിയിച്ചു.എന്നാൽ ഇറിഗേഷൻ അധികൃതരുടെ ധിക്കാരപരമായ സമീപനത്തിനെതിരെ ഉന്നത ഉദ്യോഗസ്‌ഥർക്ക് പരാതി നൽകിയതായി ഡോ.പി.വി.മധുസൂദനൻ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.