Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2026 18:51 IST
Share News :
മസ്കറ്റ്: ഒമാനിലെ ബാതിന മേഖലയിലെ മുസന്നക്കടുത്ത് മുലദ്ദയിൽ കാറിനുള്ളിൽ നാല് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി.
ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലെ രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചതെന്ന് ഒമാനിലെ ചട്ടോഗ്രാം അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യാസിൻ ചൗധരി അറിയിച്ചു.
മരിച്ചവരിൽ ഒരാൾ നിസ്‌വയിലും മറ്റൊരാൾ സുവൈഖിലും ബാക്കി രണ്ടുപേർ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്.
ഇളയ സഹോദരന്മാരായ സിറാജും ഷാഹിദും വിവാഹത്തിനായി വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഭവം ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് പുറത്തറിയുന്നത്.
ചൊവ്വാഴ്ച നാല് സഹോദരന്മാരും ഒരുമിച്ച് കാറിൽ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോയതായിരുന്നു. പിന്നീട് കാർ മുലദ്ദയിലെ ഒരു പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബർക്കയിൽ താമസിക്കുന്ന ബന്ധുവിന് ചൊവ്വാഴ്ച രാത്രി എട്ടോടെ ഇവർ വാട്ട്സ്‌ആപ്പിലൂടെ സന്ദേശം അയച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നം നേരിടുകയാണെന്നും കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ സ്വന്തം ലൊക്കേഷനും അയച്ചുനൽകിയിരുന്നു.
ഇതിനെ തുടർന്ന് അർധരാത്രിയോടെ രണ്ട് ബംഗ്ലാദേശികൾ സ്ഥലത്തെത്തി കാറിനകത്ത് നാലുപേരെയും ബോധരഹിതരായി കണ്ടെത്തി. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
കാറിലെ എ.സി. തകരാറിലായി വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
മരിച്ചവരിൽ മുഹമ്മദ് റാഷിദും മുഹമ്മദ് ഷഹദും വിവാഹിതരാണ്. സിറാജിന്റെയും ഷാഹിദിന്റെയും വിവാഹം അടുത്തിടെ നടക്കാനിരിക്കെയായിരുന്നു ദുരന്തം സംഭവിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബംഗ്ലാദേശി പ്രവാസി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.