Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്ക് ആശ്വാസം; യു.പിയിലെ കേസ് സുപ്രീംകോടതി റദ്ദാക്കി

14 Aug 2026 22:57 IST

NewsDelivery

Share News :

സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് വിശേഷിപ്പിച്ചുവെന്നാരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ലക്നൗ കോടതിയിൽ നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്

ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. കേസുമായി മുന്നോട്ടുപോകാൻ ആവശ്യമായ യു.പി. സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. 

ഇതോടെ ലക്നൗ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദായി. ഐ.പി.സി 153A പ്രകാരമുള്ള കുറ്റം ചുമത്തിയ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. 

2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി സവർക്കറെ വിമർശിച്ച് പരാമർശം നടത്തിയത്. സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് വിശേഷിപ്പിച്ചുവെന്നാരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ലക്നൗ കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയോട് കോടതിയിൽ ഹാജരാകാൻ സമൻസ് പുറപ്പെടുവിച്ചു. 

തുടർന്ന് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി പിന്നീട് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു. 

മുൻ വാദത്തിനിടെ രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തെ സുപ്രീംകോടതി വിമർശിക്കുകയും സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാഹുലിന്റെ അഭിഭാഷകൻ ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് കോടതിയിൽ ഉറപ്പുനൽകിയിരുന്നു. 

അതേസമയം, സവർക്കറെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട മറ്റൊരു മാനനഷ്ടക്കേസ് പൂനെയിൽ വേറെയും തുടരുന്നുണ്ട്. 2023ലെ ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട ആ കേസിൽ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയാണ് പരിഗണിക്കുന്നത്.

Follow us on :

More in Related News