Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി വി മാധവൻ്റെ നിര്യാണത്തിൽ ഐ എസ് സി കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

12 Aug 2026 13:28 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ – കേരള വിഭാഗത്തിന്റെ മുൻ കലാവിഭാഗം സെക്രട്ടറിയും ഒമാനിലെ പ്രവാസി നാടകവേദിയിലെ സജീവ സാന്നിധ്യവുമായിരുന്ന പി വി മാധവൻ്റെ (മാധവേട്ടൻ) നിര്യാണത്തിൽ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതവും സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദിയും പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു.

മാധവേട്ടൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ആരംഭിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, മുൻ കോ കൺവീനർ വിജയൻ കെ വി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ഷാജി കലാണ്ടിയിൽ, ശ്രീവിദ്യ രവീന്ദ്രൻ, വിനോദ് കുമാർ, ദിനേശ് ബാബു, സന്തോഷ് പിള്ള, ബാബുരാജ് നമ്പൂതിരി,മനോജ് പെരിങ്ങേത്,നിഷാന്ത് ചന്ദ്രൻ, അരുൺ, ശ്രീകല ടീച്ചർ , ബാബു മാസ്റ്റർ, പ്രകാശൻ എന്നിവർ മാധവേട്ടനുമായുള്ള വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളും അനുസ്മരിച്ചു.

നാടകമായിരുന്നു മാധവേട്ടൻ്റെ പ്രധാന പ്രവർത്തനമേഖല. ഒമാനിലെ പ്രവാസി നാടകവേദിയുമായി ആഴത്തിൽ ബന്ധപ്പെട്ടുനിന്ന അദ്ദേഹം നാടകപ്രവർത്തകനായും സംഘാടകനായും കലാസ്നേഹിയായും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. നാടകത്തെ കേവലം ഒരു കലാരൂപമായി കാണാതെ, മനുഷ്യബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും അടയാളപ്പെടുത്തുന്ന സാംസ്കാരിക ഇടമായി സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒമാനിലെ മലയാളി കലാസമൂഹത്തിൽ വ്യക്തമായ അടയാളം പതിപ്പിച്ചു.

കേരള വിഭാഗത്തിന്റെ കലാവിഭാഗം സെക്രട്ടറിയായിരുന്ന കാലയളവിലും നാടകത്തിനും മറ്റ് കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വം ഏറെ വിലപ്പെട്ടതായിരുന്നു. സഹപ്രവർത്തകരോടും കലാകാരന്മാരോടും പുലർത്തിയ സൗഹൃദവും കലാപ്രവർത്തനങ്ങളോടുള്ള ആത്മാർത്ഥതയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായി യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

നാടകവേദിയിൽ തിരശ്ശീല വീണാലും, മാധവേട്ടൻ പകർന്നുനൽകിയ കലാസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓർമ്മകൾക്ക് തിരശ്ശീല വീഴില്ല എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മാധവേട്ടൻ്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ യോഗം പങ്കുചേർന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യോഗം സമാപിച്ചു.

Follow us on :

More in Related News