Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോർവ സംസ്ഥാന സമ്മേളനം ഒക്ടോബർ 11ന് കോഴിക്കോട്; റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി ആവശ്യപ്പെടും

08 Oct 2026 12:17 IST

NewsDelivery

Share News :

കോഴിക്കോട്: റസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന സമ്മേളനം ഒക്ടോബർ 11ന് ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സമ്മേളനം.

രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പുതുക്കുടി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പുതുക്കുടി അധ്യക്ഷത വഹിക്കും.

രാവിലെ 11.30ന് ‘പ്രാദേശിക വികസനത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കും സ്റ്റാറ്റ്യൂട്ടറി പദവിയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. മുഹമ്മദ് റിയാസ്, അഡ്വ. വി.കെ. ഫൈസൽ ബാബു, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം മേയർമാർ, മറ്റ് ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ആറിന് സമ്മേളനം സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി ആവശ്യപ്പെടും

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് വർധിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് സ്റ്റാറ്റ്യൂട്ടറി പദവി അനുവദിക്കണമെന്ന ആവശ്യം സമ്മേളനം ചർച്ച ചെയ്യും. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന ജനകീയ സമിതികളിൽ അസോസിയേഷനുകൾക്ക് പ്രാതിനിധ്യം നൽകണമെന്നും സമ്മേളനം ആവശ്യപ്പെടും.

പുതിയ സൊസൈറ്റീസ് നിയമപ്രകാരമുള്ള നടപടികളുടെ സങ്കീർണത കണക്കിലെടുത്ത് റസിഡന്റ്സ് അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിക്കും.

ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകളിൽ മുനിസിപ്പൽ നിയമപ്രകാരം രൂപീകരിക്കുന്ന വാർഡ് കമ്മിറ്റികളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രാതിനിധ്യം 15 ആയി പരിമിതപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും വാർഡിലെ മുഴുവൻ അസോസിയേഷനുകൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെടും.

ജനമൈത്രി പോലീസും തെരുവുനായ ശല്യവും ചർച്ചയാകും

കമ്മ്യൂണിറ്റി പോലീസിങ് ശക്തിപ്പെടുത്തുക, ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമമാക്കുക, കൃത്യമായ ഇടവേളകളിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായി പോലീസ് ഉദ്യോഗസ്ഥർ യോഗങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കും. ജില്ലാതലത്തിൽ ജില്ലാ കമ്മീഷണർമാർ, സൂപ്രണ്ടുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെടും.

രൂക്ഷമായ തെരുവുനായ ശല്യത്തിന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരവും ഫലപ്രദവുമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിച്ച് പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദേശവും ചർച്ച ചെയ്യും.

ഈ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സംഘാടകർ അറിയിച്ചു.

കോർവ ദേശീയ ജോയിന്റ് സെക്രട്ടറി എം.കെ. ബീരാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് എടവണ്ണ, സ്വാഗതസംഘം ജനറൽ കൺവീനർ എം.പി. രാമകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ സുരേഷ്, കൺവീനർ ഹരിദാസൻ പാലയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ജനാർദ്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News