Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 19:08 IST
Share News :
ചാവക്കാട്:ദേശീയപാതയോരത്തെ കെട്ടിട നിർമ്മാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അവതരിപ്പിച്ച പ്രമേയത്തെ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.യതീന്ദ്രദാസ് പിന്തുണച്ചു.നിലവിലെ തീരദേശ പരിപാലന നിയമം പ്രകാരം കെട്ടിട നിർമ്മാണമോ മറ്റു വികസന പ്രവർത്തനങ്ങളോ നടത്തുവാൻ കഴിയാത്ത നിലയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി വന്നിട്ടുള്ളത്.ഇത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.ഭൗമപ്രകൃതി വെച്ച് നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും ചെറിയ നഗരസഭയാണ് ചാവക്കാട്.ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.4.5 കിലോമീറ്റർ കടലോരമുള്ള നഗരസഭയിൽ 500 മീറ്ററും,കനോലി കനാൽ തീരത്ത് 50 മീറ്ററും,പാലയൂർ മേഖലയിലെ (13, 14 വാർഡുകൾ) കണ്ടൽക്കാടുകളുമായി ബന്ധപ്പെട്ട് 100 മീറ്ററും സിആർഇസഡ് ദൂരപരിധി പാലിച്ചു മാത്രമേ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ.വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരിടുന്നതിന്റെ പ്രായോഗിക പ്രതിസന്ധി നിലനിൽക്കെയാണ് പുതിയതായി ദേശീയപാതയോരത്ത് 40 മീറ്റർ,75 മീറ്റർ എന്നിങ്ങനെ നിർമ്മാണ നിരോധന ദൂരപരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധി വന്നിട്ടുള്ളത്.പുതിയ ഹൈവേ കടന്നുപോകുന്നതിനായി സ്ഥലം വിട്ടുനൽകിയ മനുഷ്യർക്ക് തങ്ങളുടെ അവശേഷിക്കുന്ന ഭൂമിയിൽ പോലും ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്.വീട് നിർമ്മിക്കുന്നതിന് പെർമിറ്റ് പാസ്സായി നിർമ്മാണ പ്രവൃത്തി ആരംഭിച്ച ധാരാളം ആളുകളുമുണ്ട്.ഇവരെല്ലാം കടുത്ത ആശങ്കയിലാണ്.ഇതിന്റെ ഭാഗമായി ഉണ്ടാവാനിടയുള്ള ധനനഷ്ടം ഇത്തരം മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കും. ഈ വിധി തിരുത്തുന്നതിനുള്ള നടപടികൾക്കായി സംസ്ഥാന സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകുന്നതിന് തയ്യാറാകണമെന്നും നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.