Tue Dec 12, 2023 10:56 PM 1ST

Sign In

ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ: കോട്ടയം ജില്ലാതല പ്രകാശനം നടത്തി

27 Nov 2026 19:19 IST

CN Remya

Share News :

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി മേഖലയെ നവീകരിച്ച് പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത് കോടി രൂപ ഒന്നാം സമ്മാനം നൽകിയ ഓണം ബമ്പറിനായി അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായി വിറ്റഴിച്ചു. ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനം 20 കോടിയിൽനിന്ന് ഇത്തവണ 25 കോടി രൂപയായി ഉയർത്തി. 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ഓണം ബമ്പർ പോലെ തന്നെ ക്രിസ്മസ് ബമ്പറിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാൻ സാധിക്കുമെന്നും ജില്ലയിലെ ലോട്ടറി ഏജൻ്റുമാരുടെയും വിൽപ്പനക്കാരുടെയും അർപ്പണബോധത്തോടെയുള്ള പ്രവർത്തനം ഇതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, നഗരസഭാംഗങ്ങളായ അഡ്വ. ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി. എസ്. രജനി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ. സിന്ധുമോൾ, തൊഴിലാളി സംഘടനാ പ്രതിനിധികളായ ഫിലിപ്പ് ജോസഫ്, ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ,  ടി. എസ്. നിസ്താർ, സിജോ പ്ലാത്തോട്ടം, പി. കെ. ആനന്ദക്കുട്ടൻ, ജില്ലാ അസിസ്റ്റന്‍റ് ഭാഗ്യക്കുറി ഓഫീസർമാരായ എസ്. ഷാജി, എൻ.ആർ. ശ്രീലേഖ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News