Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2026 07:08 IST
Share News :
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കോ ഇത് തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഉറച്ച തീരുമാനമാണ് വനിതാ സംവരണം നടപ്പാക്കുകയെന്നത്. സ്ത്രീകൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ സംവരണം നടപ്പാക്കുന്നതിന് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും തടസ്സം നിൽക്കുകയാണെന്നാണ് അമിത് ഷായുടെ ആരോപണം. എന്നാൽ വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തെയാണ് പ്രതിപക്ഷം എതിർക്കുന്നത്.
വനിതാ സംവരണം വേഗത്തിൽ നടപ്പാക്കുന്നതിനായി 2011ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകൾ പുനർനിർണയിക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ 2026 ഏപ്രിലിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നായിരുന്നു പരാജയം. 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ ബില്ലിനെ എതിർത്തു.
മണ്ഡല പുനർനിർണയവും ലോക്‌സഭാ സീറ്റുകളുടെ വർധനയും വനിതാ സംവരണവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും നിലവിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെ സംവരണം നടപ്പാക്കാമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേസമയം, സംവരണം നടപ്പാക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
നവംബർ 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും ചേരുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ പരാജയപ്പെട്ട വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും വീണ്ടും പരിഗണിക്കുമോ എന്നതിലാണ് രാഷ്ട്രീയ ശ്രദ്ധ.
Follow us on :
Tags:
More in Related News
Please select your location.