Tue Dec 12, 2023 10:56 PM 1ST

Sign In

അമ്പതാം തവണയും ജീവന്റെ തുടിപ്പായി രക്തദാനം; 350-ലേറെ രോഗികൾക്ക് രക്തമെത്തിച്ചും മാതൃകയായി രാജേഷ് കുര്യനാട്

26 Nov 2026 20:32 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സ്വന്തം രക്തം കൊണ്ട് അമ്പതാം തവണയും മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് കുര്യനാട്. രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഇരുപതാം വയസ്സിൽ തുടങ്ങിയ സന്നദ്ധ സേവനം ഇന്ന് അമ്പതാം രക്തദാനത്തിന്റെ അഭിമാനനിമിഷത്തിലെത്തി നിൽക്കുമ്പോൾ, അത് ഒരു വ്യക്തിയുടെ നേട്ടം മാത്രമല്ല, കാരുണ്യത്തിന്റെ വലിയൊരു സന്ദേശം കൂടിയാണ്.

ഒരു സുഹൃത്തിന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു രാജേഷിന്റെ ആദ്യ രക്തദാനം. അന്ന് ഒരു ജീവൻ രക്ഷിക്കാനുള്ള സ്നേഹപൂർവമായ ഇടപെടലായി തുടങ്ങിയ ആ സന്നദ്ധത പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. വർഷങ്ങൾ പിന്നിടുമ്പോഴും രക്തദാനമെന്ന മഹത്തായ പ്രവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന് കുറവൊന്നുമുണ്ടായില്ല.

സ്വന്തമായി 50 തവണ രക്തം ദാനം ചെയ്തതിനൊപ്പം, രക്തം ആവശ്യമുള്ള മുന്നൂറിലധികം രോഗികൾക്ക് സന്നദ്ധ രക്തദാതാക്കളെ കണ്ടെത്തി സമയബന്ധിതമായി രക്തം എത്തിക്കാനും രാജേഷിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം രക്തം നൽകുന്നതിനപ്പുറം മറ്റുള്ളവരുടെ രക്തം കൂടി ജീവൻ രക്ഷിക്കാനുള്ള കരുത്താക്കി മാറ്റുകയാണ് അദ്ദേഹം.

യുവതലമുറയിൽ രക്തദാനത്തിന്റെ മഹത്വവും സാമൂഹിക ഉത്തരവാദിത്വവും പ്രചരിപ്പിക്കുന്നതിനായി പാലാ ബ്ലഡ് ഫോറത്തിനൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചുവരുന്നു. രക്തദാനം ഭയപ്പെടേണ്ട ഒന്നല്ലെന്നും, ആരോഗ്യപരമായ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന രക്തദാനം മറ്റൊരാൾക്ക് ജീവിതം തിരിച്ചുനൽകുന്ന മഹത്തായ പ്രവർത്തനമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിക്കുന്നു.

മാധ്യമപ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കർഷകൻ എന്നീ നിലകളിലും ഹിന്ദു ഐക്യവേദി മിനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി എന്ന നിലയിലും സജീവമായ രാജേഷ് നിരവധി മലയാളം, തമിഴ് സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

അമ്പതാം രക്തദാനത്തിന്റെ നിറവിൽ രാജേഷിനെ ആദരിക്കാനുള്ള ചടങ്ങ് പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നടന്നു. ചടങ്ങിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് രാജേഷിനെ ആദരിച്ചു

രക്തദാനത്തിന്റെ അമ്പത് അധ്യായങ്ങൾ പൂർത്തിയാക്കിയപ്പോഴും രാജേഷിന്റെ ലക്ഷ്യം അവിടെ അവസാനിക്കുന്നില്ല. ഇനിയും കൂടുതൽ പേരെ രക്തദാനത്തിന്റെ മഹത്തായ വഴിയിലേക്ക് കൈപിടിച്ചുയർത്തണം. കാരണം, അദ്ദേഹത്തിന് രക്തദാനം വെറുമൊരു കണക്കല്ല; ഓരോ തുള്ളിയിലും ഒരാളുടെ ജീവിതവും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമുണ്ട്.




Follow us on :

More in Related News