Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ വേദിയിലിരുത്തി അപമാനിച്ചു...കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍

15 Oct 2024 09:26 IST

Shafeek cn

Share News :

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


'കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പില്‍ എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.


അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവര്‍ത്തനം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', എന്നാണ് പി പി ദിവസം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പില്‍ പറഞ്ഞത്. നവീന്‍ ബാബുവിനെ വേദിയിലിരുത്തികൊണ്ടാണ് ദിവ്യയുടെ ആരോപണം.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Follow us on :

More in Related News