Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്നവസാനിക്കും ഈ മരണങ്ങള്‍...നടപടിയില്ലാതെ അലന്റെ മതദേഹം ഏറ്റെടുക്കില്ല, മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിക്ഷേധവുമായി നാട്ടുകാരും ബന്ധുകളും

07 Apr 2025 09:55 IST

Shafeek cn

Share News :

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ അലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും. അലന്റെ മരണത്തില്‍ നടപടിയെടുക്കാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. മോര്‍ച്ചറിക്കു മുന്നില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തുന്നത്.


കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, അമ്മ വിജിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം, കാട്ടാനകള്‍ സ്ഥിരമായി വരുന്നത് തടയാന്‍ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തുന്നത്. അതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് നടത്തും. വനം വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാവിലെ 11 നാണ് മാര്‍ച്ച് നടത്തുക.


ഇന്നലെ രാത്രിയാണ് മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ അലന് ജീവന്‍ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫീസ് മാര്‍ച്ചും നടത്തുന്നുണ്ട്.


മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തില്‍ കുളിച്ച അലന്‍ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത്.


Follow us on :

More in Related News