Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷരനഗരിയിലെ അക്ഷരമ്യൂസിയം ഒക്‌ടോബർ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

01 Oct 2024 20:45 IST

CN Remya

Share News :

കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന അക്ഷരമ്യൂസിയം ഒക്‌ടോബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ. അക്ഷരമ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം നാട്ടകത്തെ അക്ഷരമ്യൂസിയം അങ്കണത്തിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിലാണ് അക്ഷരമ്യൂസിയം നിർമിച്ചിരിക്കുന്നത്. ഗവേഷണസൗകര്യവും പഠനങ്ങളും നടത്താൻ കഴിയുന്ന പശ്ചാത്തലസൗകര്യങ്ങൾ കൂടി ഭാവിയിൽ ഉറപ്പാക്കുന്ന തരത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അക്ഷരമ്യൂസിയം നിർമിച്ച് സാഹിത്യപ്രവർത്തക സഹകരണസംഘത്തെ ഏൽപ്പിക്കാനാണ് സഹകരണവകുപ്പ് ആലോചിച്ചിട്ടുള്ളത്. രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന സംസ്‌കാരികകേന്ദ്രമായി അക്ഷരമ്യൂസിയമായി മാറുമെന്നും മന്ത്രി പറഞ്ഞു. 

ഉദ്ഘാടനപരിപാടിയുടെ വിജയത്തിന് മന്ത്രി വി. എൻ. വാസവൻ മുഖ്യരക്ഷാധികാരിയായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. എം.പിമാരായ ജോസ് കെ. മാണി, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജസ്റ്റിസ് കെ.ടി. തോമസ്, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സാഹിത്യകാരന്മാരായ പ്രൊഫ. എം.കെ. സാനു, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. കെ. അനിൽകുമാർ, അഡ്വ. വി.ബി. ബിനു, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ എമിൽ പുലിക്കാട്ടിൽ, ഫാദർ കുര്യൻ ചാലങ്ങാടി, രവി ഡി.സി., എന്നിവരാണ് രക്ഷാധികാരികൾ. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ ചെയർമാനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സംസ്ഥാന കോപറേറ്റീവ് യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. 

സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷ- സാഹിത്യ-സാംസ്‌ക്കാരിക മ്യൂസിയമായി അക്ഷരമ്യൂസിയം ഒരുക്കിയിരിക്കുന്നത്. രാജ്യാന്തരനിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് നിലവിൽ പൂർത്തിയാക്കുന്നത്. 

 ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖംവരെ അടയാളപ്പെടുത്തുന്ന ഗാലറികളുണ്ടാകും. വരമൊഴിയായും ഗുഹാവരകളായും ചിത്രലിപികളായും പരിണമിച്ച ഭാഷയുടെ വ്യത്യസ്തതലങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഒന്നാം ഗാലറി. ഇന്ത്യൻ ലിപിസമ്പ്രദായങ്ങളുടെ സമഗ്രചരിത്രങ്ങൾ വിശദീകരിക്കുന്നതാണ് രണ്ടാം ഗാലറി. ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടി മുതൽ യൂണികോഡ് വരെയുള്ള ലിപിവിന്യാസത്തിന്റെ ചരിത്രമാണ് മൂന്നാംഗാലറിയിൽ. സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണ പ്രസ്ഥാനത്തെയും കുറിക്കുന്ന വിവരങ്ങളാണ് നാലാം ഗാലറിയിൽ. ആറായിരത്തോളം ലോകഭാഷകളുടെ പ്രദർശനം, അത്യാധുനികരീതിയിലുള്ള തിയേറ്റർ സംവിധാനം ഹോളോഗ്രാം പ്രൊജക്ഷൻ എന്നിവയും മ്യൂസിയത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. എസ്.പി.സി.എസ്. സ്ഥാപകനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ അർദ്ധകായശിൽപവും സ്ഥാപിച്ചിട്ടുണ്ട്.

സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സഹകരണസംഘം അഡീഷണൽ രജിസ്ട്രാർ ആർ. ജ്യോതിപ്രസാദ്, ജോയിന്റ് രജിസ്ട്രാർ കെ. വി. സുധീർ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക, മാധ്യമ, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News