Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2026 20:11 IST
Share News :
കടുത്തുരുത്തി: റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വെള്ളൂരിൽ ആരംഭിക്കുന്ന റബർ ഇൻഡസ്ട്രിയൽ കോംപ്ലക്സിന്റെ ആദ്യഘട്ടം ബുധനാഴ്ച(ഫെബ്രുവരി 25) നിയമ-കയർ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭരണവിഭാഗം ഓഫീസിന്റെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ആറു നിക്ഷേപകർക്ക് റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സമ്മതപത്ര കൈമാറ്റവും അന്നു നടക്കും.
ചെറുകിട, ഇടത്തരം സംരംഭകർക്കായി എല്ലാ സൗകര്യങ്ങളോടും കൂടി 157.04 ഏക്കർ ഭൂമിയിൽ 390 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കർ ഭൂമി സജ്ജീകരിച്ചിട്ടുണ്ട്.
20,176 ചതുരശ്ര അടിയിൽ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്റെ നിർമാണം പൂർത്തിയാക്കിയത്. വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വർക്ക് സ്റ്റേഷനുകൾ ഇവയിൽ ഉൾപ്പെടുന്നു. 100 പേർക്ക് ഒരേ സമയം പങ്കെടുക്കാൻ സൗകര്യമുള്ള കോൺഫറൻസ് റൂം, ലൈബ്രറി, ഡൈനിംഗ് സൗകര്യം എന്നിവയുമുണ്ട്.
110 കെവി സബ്‌സ്റ്റേഷൻ, വെയർഹൗസ്, സെൻട്രൽ ടൂൾ റൂം, സെൻട്രൽ മിക്സിംഗ് പ്ലാന്റ്, ലാറ്റക്സ് കമ്പൗണ്ടിംഗ് ആൻഡ്് പ്രീ- വൾക്കനൈസേഷൻ സൗകര്യങ്ങൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും കോംപ്ലക്സിൽ സജ്ജീകരിച്ചുവരുന്നു.
ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ മറ്റ് അടിസ്ഥാന സൗകര്യ സജ്ജീകരണങ്ങൾ നടന്നുവരുകയാണ്. കേരള റബർ വ്യവസായ സമുച്ചയത്തിന്റെ നിർമാണം 2027-28 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാനാകുമെന്ന് കെ.ആർ.എൽ. ചെയർപേഴ്സണും എം.ഡിയുമായ ഷീലാ തോമസ് പറഞ്ഞു. മൂവായിരം പേർക്ക് നേരിട്ടും അയ്യായിരം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നും അവർ പറഞ്ഞു.
വെള്ളൂരിൽ ബുധനാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, ജില്ലാ പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, വെള്ളൂർ ഗ്രാമപഞ്ചായത്തംഗം അനീഷ് ചന്ദ്രൻ, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഷീലാ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.