Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കെ.പി.പി.എല്ല് 741 കോടിയുടെ വിപുലീകരണ പദ്ധതിക്ക് ഒരുങ്ങുന്നു.

23 Feb 2026 21:33 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്(കെപിപിഎൽ)

തുടർ വികസന പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുന്നു.ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും ഉദ്ഘാടനം 25 ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. 741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോർപറഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും.

കടലാസ് ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉൽപാദനനിര വിപുലീകരിക്കുന്നത്. സ്പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിങ് പേപ്പറുകളുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. പേപ്പർ ഉൽപ്പന്നങ്ങളുടെ ഉയർന്നുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെ.പി.പി.എൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്. സ്‌പെഷ്യാൽറ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിങ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കെ.പി.പി.എല്ലിന്റെ പുതിയ സംരഭത്തിലൂടെ കഴിയും. പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറുമെന്നാണ് പ്രതീക്ഷ. 2019 ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കെ.പി.പി.എല്ലായി പ്രവർത്തനമാരംഭിച്ചത്.

ബുധനാഴ്ച വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.പി മാരായ ജോസ് കെ. മാണി, അഡ്വ.കെ ഫ്രാൻസിസ് ജോർജ്, എം.എൽ.എ മാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.പി. എൽ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ്, മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ, തൃതല പഞ്ചായത്ത് അംഗങ്ങൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News